ജർമനിയിൽ മലയാളി വിദ്യാർഥി കുത്തേറ്റു മരിച്ച നിലയിൽ
Sunday, October 6, 2024 2:13 AM IST
മാവേലിക്കര: ജർമനിയിലെ ബർലിനിൽ കാണാതായ മലയാളി വിദ്യാർഥി കുത്തേറ്റു മരിച്ച നിലയിൽ. തട്ടാരമ്പലം മറ്റം വടക്ക് പൊന്നോല ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോൻ -30) ആണു കൊല്ലപ്പെട്ടത്.
ബഹറിനിൽ ഫാർമസിസ്റ്റായ ലില്ലി ഡാനിയേലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്. ബർലിൻ ആർഡേൻ സർവകലാശാലയിൽ സൈബർ സെക്യൂരിറ്റിയിൽ മാസ്റ്റേഴ്സ് വിദ്യാർഥിയായ ആദമിനെ കഴിഞ്ഞ 30 മുതൽ കാണാതായിരുന്നു. സൈക്കിളിൽ താമസ സ്ഥലത്തേക്കു മടങ്ങവേ ആഫ്രിക്കൻ സ്വദേശി ആക്രമിച്ചതായാണു വിവരം.
താമസസ്ഥലത്ത് ആദം എത്താഞ്ഞതിനെ തുടർന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾ അന്വേഷണം നടത്തി. ആദമിന്റെ അമ്മയെ വിവരം അറിയിച്ചിരുന്നു. വഴിയിൽ വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് ആദമിനെ ആഫ്രിക്കൻ സ്വദേശി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ആദമിന് ഒരു വയസുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നീടു മാതൃസഹോദരി മറ്റം വടക്ക് പൊന്നോല കുഞ്ഞുമോൾ, ഭർത്താവ് പി.ബേബി എന്നിവർക്കൊപ്പം മാവേലിക്കരയിൽ ആണ് ആദം വളർന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണം നടന്നുവരുന്നു.