കാട്ടുപന്നിക്കുള്ള കെണിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
Sunday, October 6, 2024 2:13 AM IST
എരുമപ്പെട്ടി (തൃശൂർ): കാട്ടുപന്നിയെ കുടുക്കാൻ പാടശേഖരത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. തൃശൂർ വരവൂർ പിലാക്കാടാണ് സംഭവം. പിലാക്കാട് കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ (60), സഹോദരൻ അരവിന്ദാക്ഷൻ (56) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സഹോദരൻമാരെ പാടത്തു മരിച്ചുകിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പരിശോധനയിൽ, പന്നിയെ പിടികൂടാൻ അനധികൃതമായി സ്ഥാപിച്ച കമ്പിയിൽനിന്നു ഷോക്കേറ്റതാണെന്നു കണ്ടെത്തി.
ഇവരുടെ ബന്ധുവായ മണിയെന്നു വിളിക്കുന്ന കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതും കൃഷിചെയ്യാതെ പുല്ലുമൂടിക്കിടക്കുന്നതുമായ പാടത്തിനു ചുറ്റും പലഭാഗങ്ങളിലും കാട്ടുപന്നിയെ പിടികൂടാൻ ഇരുമ്പുകമ്പി കെട്ടിയിരുന്നു. തൊട്ടടുത്ത മോട്ടോർപ്പുരയിൽനിന്നാണ് ഇതിലേക്കു വൈദ്യുതി കടത്തിവിട്ടിരുന്നത്.
രാത്രിയിൽ മീൻപിടിക്കാൻ പാടശേഖരത്തിലുള്ള പനങ്കുറ്റി കുളത്തിലേക്കു പോയി മടങ്ങുന്പോഴാണ് കമ്പിയിൽ ചവിട്ടി സഹോദരങ്ങൾക്കു ഷോക്കേറ്റതെന്നു കരുതുന്നു. രണ്ടു മൃതദേഹങ്ങളും അടുത്തടുത്താണ് കിടന്നിരുന്നത്.
സമീപം പിടികൂടിയ മത്സ്യങ്ങളും ടോർച്ചും മൊബൈൽ ഫോണും കിടന്നിരുന്നു. പാടശേഖരത്തിന്റെ മറുവശത്തു സ്ഥാപിച്ച കമ്പിയിൽനിന്നു ഷോക്കേറ്റ് ഒരു കാട്ടുപന്നിയും ചത്തുകിടപ്പുണ്ടായിരുന്നു.
കമ്പികൾക്കു പഴക്കമുള്ളതിനാൽ കാലങ്ങളായി ഇത്തരത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു പന്നികളെ പിടികൂടാറുണ്ടെന്നാണ് കരുതുന്നത്.
അരവിന്ദാക്ഷൻ അവിവാഹിതനാണ്. ഇരുവരും തറവാട്ടിലായിരുന്നു താമസം. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്നിയെ വേട്ടയാടിയ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നുരാവിലെ വീട്ടുവളപ്പിൽ നടത്തും.