പൂരം കലക്കിയതാണെന്നു മുഖ്യമന്ത്രി സമ്മതിച്ചു: വി.ഡി. സതീശൻ
സ്വന്തം ലേഖകൻ
Friday, October 4, 2024 5:18 AM IST
പാലക്കാട്: തൃശൂർ പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞതു പ്രതിപക്ഷമാണെന്നും അതു മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എഡിജിപി എം.ആർ. അജിത്കുമാറിനെക്കൊണ്ടാണിതു ചെയ്യിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ജുഡീഷൽ അന്വേഷണമാണു നടത്തേണ്ടത്. പോലീസ് അന്വേഷണം സ്വീകാര്യമല്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണു പൂരം കലക്കിയത്. രാവിലെ മഠത്തിൽവരവു മുതൽ പൂരം കലക്കി. എന്തൊരു കരുതലാണ് എഡിജിപിയോടു മുഖ്യമന്ത്രിക്ക്. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്. എഡിജിപിയുടെ പ്രധാന ജോലി ആർഎസ്എസുമായുള്ള കോ-ഓർഡിനേഷനാണ്. അതുകൊണ്ടാണു സംരക്ഷിക്കുന്നത്. എല്ലാ അന്വേഷണവും പ്രഹസനമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ആരു വിശ്വസിക്കും?
മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന സമയത്ത് അനുവാദമില്ലാതെ ആരെങ്കിലും കയറിവരുമോയെന്നും പോലീസിനുപോലും പരിചയമില്ലാത്തയാൾ കയറിവന്നെന്നു മുഖ്യമന്ത്രി പറയുന്പോൾ ആരു വിശ്വസിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ ആരും വിശ്വസിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്ത കെയ്സണെതിരേയും റിപ്പോർട്ട് ചെയ്ത "ദ ഹിന്ദു’ പത്രത്തിനെതിരേയും കേസെടുക്കാൻ ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി ഗീബൽസിനെപ്പോലെ നുണപറയുന്നു. പത്രസമ്മേളനത്തിനിടെ വെറുതേ ചിരിച്ചിട്ടു കാര്യമില്ല. ചോദ്യങ്ങൾക്കു മറുപടിവേണം. സിപിഎമ്മിനെ ബാധിച്ച ജീർണത ഇടതുമുന്നണിയുടെ നാശത്തിലേക്കുള്ള വഴിയാണെന്നും അൻവറിന്റെ പാർട്ടി ഇടതുമുന്നണിയുടെ ശിഥിലീകരണത്തിനു തുടക്കം കുറിക്കുമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ലാവ്ലിൻ കേസോ കരുവന്നൂർ കേസോ കേൾക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.