കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി
Sunday, October 6, 2024 2:13 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി.
മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നേരത്തേ വാദം പൂര്‍ത്തിയായിരുന്നു. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചതിനാല്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ എല്ലാ പ്രതികളും ഹാജരായിരുന്നു. നടപടിക്രമങ്ങളിലെ പാളിച്ചകളാണ് കേസിന് തിരിച്ചടിയായത്.
പട്ടികജാതിക്കാര്‍ക്കെതിരേയുള്ള കുറ്റകൃത്യം അന്വേഷിക്കേണ്ടത് എസ്എംഎസ് ഡിവൈഎസ്പിയാണെന്നും ഇവിടെ അതു പാലിച്ചില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയത് കോടതി അംഗീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.
സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്കി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു കേസ്. മഞ്ചേശ്വരത്ത് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശനാണ് കോടതിയെ സമീപിച്ചത്.
സുരേന്ദ്രനു പുറമേ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി. ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.
കേസിനു പിന്നില്‍ ഗൂഢാലോചന: കെ. സുരേന്ദ്രന്
കാസര്‍ഗോഡ്: കേസിനു പിന്നില്‍ സിപിഎം- കോണ്‍ഗ്രസ്-ലീഗ് ഗൂഢാലോചനയായിരുന്നെന്നും കള്ളക്കേസില്‍ കുടുക്കി ബിജെപിയെ താറടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒടുവില്‍ സത്യം ജയിച്ചെന്നും ഒരു കേസിനെയും താന്‍ ഭയക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
അന്വേഷണത്തില്‍ വീഴ്ച: കെ. സുന്ദര
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷണത്തില്‍ പോലീസിനും ക്രൈംബ്രാഞ്ചിനും വീഴ്ചപറ്റിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര.
ചെറിയ ശിക്ഷയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. പ്രോസിക്യൂഷന് ആവശ്യത്തിന് തെളിവുകള്‍ ശേഖരിച്ചില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുക ഏറെ ശ്രദ്ധയോടെയായിരിക്കുമെന്നും സുന്ദര പറഞ്ഞു.