മാസപ്പടിക്കേസിൽ എസ്എഫ്ഐഒ കുറ്റപത്രം; വീണാ വിജയൻ വിചാരണ നേരിടണം
Friday, April 4, 2025 3:08 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതി ചേർക്കാൻ അനുമതി.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്.
സേവനം ഒന്നും നൽകാതെ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് വീണയ്ക്കെതിരേയെുള്ള കണ്ടെത്തൽ. ഇതോടെ സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്.
കുറ്റപത്രം സമർപ്പിച്ചതോടെ മാസപ്പടി കേസ് വീണ്ടും ഇടതുസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും തലവേദനയാകുകയാണ്. പ്രതിപക്ഷം ഇതിനകംതന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നുകഴിഞ്ഞു.
എസ്എഫ്ഐഒ റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ ഒരു വിധത്തിൽ പ്രതിരോധിച്ചു നിന്ന പാർട്ടിയെയും സർക്കാരിനെയും കുരുക്കിലാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മധുര പാർട്ടി കോണ്ഗ്രസ് കഴിയുന്നതോടെ മൂന്നാം ഇടതുസർക്കാർ എന്ന പ്രചാരണ മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങാനൊരുങ്ങിയ മുന്നണിക്ക് മാസപ്പടി കേസ് വലിയ തിരിച്ചടിതന്നെയാണ്.
വീണയെ കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി. സുരേഷ്കുമാർ അടക്കമുള്ളവർക്കെതിരേയാണ് പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്.
സിഎംആർഎൽ, എക്സാലോജിക് ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
ആകെ. 182 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
2.70 കോടി കൈപ്പറ്റി
സിഎംആർഎല്ലിൽനിന്നും സഹോദരസ്ഥാപനമായ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്സാലോജിക്കും വീണയും അനധികൃതമായി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു കണ്ടെത്തൽ.
ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യയുടെ ഡയറക്ടർമാർ. 2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോൾ ക്രമക്കേട് കണ്ടെത്തുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും.
ആറു മാസം മുതൽ 10 വർഷം വരെ തടവും ക്രമക്കേട് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടി വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം. ഒരു നിമിഷം വൈകാതെ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചതെന്നു കണ്ടെത്തിയ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ എല്ലാ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഇന്നു വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കാൻ കെപിസിസി പ്രസിഡന്റ് നിർദേശം നൽകി.
മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷംപോലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.