ഇ.വി. ശ്രീധരന് അന്തരിച്ചു
Thursday, April 3, 2025 3:10 AM IST
വടകര: പ്രമുഖ എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇ.വി. ശ്രീധരന് (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഇ.വി. ശ്രീധരന് നിരവധി കഥകള്‍ രചിച്ചു. ചെന്നൈയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലും കേരളകൗമുദിയിലും പ്രവര്‍ത്തിച്ചു.അഴിയൂര്‍ ചോമ്പാല സ്വദേശിയായ ഇ.വി. ശ്രീധരന് തിരുവനന്തപുരം കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്.
നാട്ടിലേക്കു മടങ്ങിയശേഷം നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനു സമീപത്തെ ബന്ധുവീട്ടിലായിരുന്നു താമസം. ശ്രദ്ധേയങ്ങളായ നിരവധി കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ജീവിത ഗന്ധി, കിരാതവൃത്തം, ഒര്തിസീസിന്റെ ചിറകില്‍, ഓര്‍മയിലെ വിഷ്ണു, ബീച്ചുമ്മ, എലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ലാബറട്ടറിയിലെ പൂക്കള്‍ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്.
പ്രമുഖ എഴുത്തുകാരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ ഇ.വി. ശ്രീധരന് റാഡിക്കല്‍ ഹ്യൂമനിസ്റ്റായ എം. ഗോവിന്ദന്റെ ശിഷ്യനായിരുന്നു. എം. ഗോവിന്ദന്റെ ഇടപെടലാണ് കലാകൗമുദിയിലേക്ക് വഴി തുറന്നത്. സമീക്ഷ, ഗോപുരം തുടങ്ങിയ മാസികകളില്‍ പത്രാധിപ സമിതി അംഗമായിരുന്നു.