കോടതിയിൽ നേരിടും: മുസ്ലിം ലീഗ്
Thursday, April 3, 2025 3:10 AM IST
മലപ്പുറം: വഖഫ് ബിൽ പാർലമെന്റിൽ പാസായാലും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ.
കെട്ടിച്ചമച്ച നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. സമഗ്രമായ വഖഫ് നിയമം ഇന്ത്യയിലുണ്ട്. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനുള്ള നിയമമുണ്ടാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതാണെന്നും സാദിഖലി തങ്ങളും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2013ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപവത്കൃതമായ വഖഫ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. വഖഫ് വിശ്വാസപരമായ കാര്യമാണ്.
ന്യൂനപക്ഷ അവകാശ ധ്വംസനമാണ് സർക്കാർ ഈ ബില്ലിലൂടെ നടത്തുന്നത്. ഇത് പാസായാൽ മുസ്ലിം ലീഗ് കോടതിയിൽ നേരിടുമെന്നും വഖഫ് വിഷയത്തിൽ ബിജെപിക്കു ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പുതിയ ഭേദഗതി കൊണ്ടുവരുന്നതിനു പിന്നിൽ വലിയ താത്പര്യങ്ങളുണ്ട്. വഖഫ് സ്വത്തുകൾ പിടിച്ചെടുക്കുന്നതിനുള്ള ആസൂത്രിത നീക്കമാണിത്. രാജ്യവ്യാപകമായി മതേതര കക്ഷികൾ ഇതിനെതിരേ രംഗത്തു വരുന്നുണ്ട്. ഇന്ത്യ മുന്നണി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ശക്തമായി എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ മതേതര കക്ഷികളും ബില്ലിനെതിരാണ്. മുസ്ലിം ലീഗ് പാർലമെന്റിലും പുറത്തും ബില്ലിനെ ശക്തമായി എതിർക്കും.സ്വന്തം സ്വത്ത് വഖഫ് ചെയ്യാനുള്ള വിശ്വാസിയുടെ അവകാശത്തെ ഇല്ലാതാക്കുക, വഖഫ് സ്വത്തുക്കൾ കൈക്കലാക്കുക തുടങ്ങിയവയാണു പ്രധാനമായും പുതിയ നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യംവയ്ക്കുന്നത്.
വഖഫ് സംവിധാനത്തെ തന്നെ ഇല്ലാതാക്കുകയും മുതലെടുപ്പു നടത്തുകയുമാണ് കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ലക്ഷ്യം. ഇരുവരും പറഞ്ഞു.