ഇന്നെങ്കിലും തീരുമോ ഈ സമരം? ആശാ വർക്കർമാരുമായി ഇന്നു ചർച്ച
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ഒന്നര മാസം പിന്നിട്ട ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കുന്നതിന് ഇന്നു വീണ്ടും ചർച്ച. സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടിയ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ചിരിക്കെയാണു നിരാഹാര സമരം തുടരുന്ന ആശാ വർക്കർമാർ.
ആശമാർ സമരം ആരംഭിച്ച ശേഷം രണ്ടു തവണ സർക്കാർ തലത്തിൽ ചർച്ചകൾ നടന്നെങ്കിലും സമരം അവസാനിപ്പിക്കാനായുള്ള ഫോർമുല ഒന്നും തയാറായില്ല. ഇതോടെയാണു സമരം തുടരുന്നത്. സമരവുമായി രംഗത്തുള്ള കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനെയും സിഐടിയു, ഐൻടിയുസി എന്നീ സംഘടനകൾക്കു കീഴിലുള്ള ആശാ വർക്കർമാരുടെ ഭാരവാഹികളെയും ഇന്നത്തെ ചർച്ചയ്ക്കായി ആരോഗ്യവകുപ്പ് ക്ഷണിച്ചിട്ടുണ്ട്.
ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ടു വച്ചാണ് ആശമാരുടെ സമരം.ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടതും വിരമിക്കൽ ആനുകൂല്യം നൽകേണ്ടതും സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസ്ഥാന ആരോഗ്യമന്ത്രി നടത്തിയ പ്രതികരണങ്ങളിൽനിന്നു വ്യക്തമായെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ, ആശാ വർക്കർമാരുടെ സമരത്തിന്റെ 52-ാം ദിവസമായ ഇന്നലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്ഗ്രസ് നേതാക്കളായ വി.എം. സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമരപന്തലിലെത്തി.
ലത്തീൻ കത്തോലിക്കാ സഭാ കൊല്ലം രൂപതയിൽനിന്നുള്ള ഫാ. റൊമാൻസ് ആന്റണി, ഫാ.ജോർജ് വെട്ടിക്കൽ എന്നിവരും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിൽ എത്തി. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസൻ, റിട്ട. കായികാധ്യാപകൻ ടി.കെ. യേശുദാസൻ തുടങ്ങിയവവും സമരത്തിന് അഭിവാദ്യമർപ്പിച്ചു.
നിരാഹാര സമരത്തിന്റെ 14-ാം ദിവസം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം തത്ത ഗോപിനാഥ്, ആശ വർക്കർമാരായ കണ്ണമ്മൂല യുപിഎച്ച്സിയിലെ ബി. ബിന്ദു, പള്ളിച്ചൽ എഫ്എച്ച്സിയിലെ ഡി.എൽ. താര എന്നിവർ നിരാഹാര സമരം തുടരുകയാണ്. എട്ടു ദിവസമായി നിരാഹാരസമരം നടത്തിയ പാലോട് എഫ്എച്ച്സിയിലെ എസ്.എസ്. അനിതകുമാരിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.