സൗദിയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
Friday, April 4, 2025 2:26 AM IST
കൽപ്പറ്റ: സൗദി അറേബ്യയിലെ തബൂക്ക്-അൽഊല റോഡിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ അഞ്ചുപേർ മരിച്ചു.
മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു-നിസി ദന്പതികളുടെ മകൾ ടീന (26), പ്രതിശ്രുത വരനും ലണ്ടനിൽ എൻജിനിയറുമായ അന്പലവയൽ കുറ്റിക്കൈത ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ് (27) എന്നിവരാണു മരിച്ച മലയാളികൾ.
ടീനയും അഖിലും സഞ്ചരിച്ച കാറും എതിർദിശയിൽനിന്നു വന്ന വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇരു വാഹനങ്ങൾക്കും തീപിടിച്ചു. കത്തിക്കരിഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ച മൂന്നുപേർ തദ്ദേശീയരാണ്. അൽ ഊലയിലെ മുഹ്സിൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങൾ മദീന ആശുപത്രിയിലേക്കു മാറ്റി നടപടിക്രമങ്ങൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ലണ്ടനിൽനിന്നാണു അഖിൽ മദീനയിലെത്തിയത്. ടീനയുടെ സഹോദരി: ട്വിങ്കിൾ (ഗവേഷണവിദ്യാർഥിനി). അലക്സാണ്ടറാണ് അഖിലിന്റെ പിതാവ്. അമ്മ: സീന. സഹോദരൻ ഡെനിൽ.
ദുരന്തം അടുത്ത ദിവസം നാട്ടിലേക്കു വരാനിരിക്കേ
അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് വയനാട് നടവയൽ ഗ്രാമം. അടുത്തുതന്നെ വിവാഹപ്പന്തൽ ഉയരേണ്ട രണ്ടു വീടുകളിൽനിന്ന് പ്രിയ മക്കളുടെ വേർപാടിൽ മനംനൊന്ത് നിലവിളികളുയരുന്നു.
ലണ്ടനിൽനിന്നെത്തിയ അഖിലും ടീനയും ഒന്നിച്ച് അടുത്ത ദിവസം നാട്ടിൽ വരാനിരിക്കുകയായിരുന്നു. വിവാഹശേഷം ടീനയെയും ലണ്ടനിലേക്കു കൊണ്ടുപോകാൻ അഖിൽ തീരുമാനിച്ചിരുന്നു. മാസങ്ങൾക്കുമുന്പ് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. ജൂൺ 16ന് വിവാഹം നടത്താനായിരുന്നു തീരുമാനം.
ബംഗളൂരുവിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ടീന രണ്ടു വർഷം മുന്പാണ് സൗദിയിൽ ജോലിയിൽ പ്രവേശിച്ചത്. ഏറ്റവുമൊടുവിൽ മൂന്നു മാസം മുന്പാണ് നാട്ടിൽവന്നു മടങ്ങിയത്.