ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ; അനുസരിക്കാതെ കേരളം; വാഹനങ്ങളുടെ
ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമായേക്കും
Thursday, April 3, 2025 2:06 AM IST
റെനീഷ് മാത്യു
കണ്ണൂർ: ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നു.
ഫിറ്റ്നസ് ടെസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര മോട്ടോർ വാഹന ചട്ടം 62 പ്രകാരം കേന്ദ്ര സർക്കാർ 2024 നവംബർ 14 ന് ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ചു 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണു നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021 മുതൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും തുടങ്ങാൻ തയാറായില്ല. ഇതോടെ, ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെ വാഹനങ്ങൾക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
എന്താണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ?
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്.
ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്കാത്തതെന്ന ആരോപണം ശക്തമാണ്.
കേന്ദ്ര നിയമം അനുസരിച്ചില്ലെങ്കിൽ 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ടെസ്റ്റ് ചെയ്യണം എന്ന കേന്ദ്ര ചട്ടം പാലിക്കാൻ സാധിക്കാത്തത് കേരളത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കും.
2025 ഏപ്രിൽ ഒന്നിന് ശേഷം ഫിറ്റ്നസ് എടുക്കേണ്ട ട്രാൻസ്പോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വാഹനങ്ങൾക്ക് എടിഎസ് ഫിറ്റ്നസ് ടെസ്റ്റ് ഇല്ലെങ്കിൽ കേന്ദ്ര ചട്ടം 62 ചൂണ്ടികാട്ടി ഇൻഷ്വറൻസ് കമ്പനികൾക്ക് പരിരക്ഷ നൽകാതിരിക്കാം.
നാഷണൽ പെർമിറ്റ് വാഹനങ്ങൾ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മാനുവൽ ടെസ്റ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി മറ്റ് സംസ്ഥാനങ്ങളിൽ പ്രവേശിക്കുമ്പോൾ അവർക്ക് പിഴ അടയ്ക്കേണ്ടി വരാം. ചിലപ്പോൾ വാഹനം പിടിച്ചിടാനും സാധ്യത ഉണ്ട്.