തലനാടൻ ഗ്രാന്പുവിനു ഭൗമസൂചികാ പദവി
Friday, April 4, 2025 2:26 AM IST
കൽപ്പറ്റ: കോട്ടയം ജില്ലയിലെ തലനാടും പരിസരങ്ങളിലും കൃഷി ചെയ്യുന്ന തലനാടൻ ഗ്രാന്പുവിനു ഭൗമസൂചിക പദവി ലഭിച്ചു.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ഗ്രാന്പു ഉത്പാദക സംസ്കരണ വ്യാവസായിക സഹകരണ സംഘം, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് പഞ്ചായത്ത് എന്നിവയുടെ കൂട്ടായ ശ്രമമാണ് തലനാടൻ ഗ്രാന്പുവിന്റെ നേട്ടത്തിനു പിന്നിൽ.
ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോട്, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, തിരനാട്, മൂന്നിലവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലാണ് തലനാടൻ ഗ്രാന്പു കൃഷി ചെയ്യുന്നത്. പ്രത്യേക കാലാവസ്ഥയും മണ്ണും കൃഷിരീതികളുമാണു തലനാടൻ ഗ്രാന്പുവിനെ വ്യത്യസ്തമാക്കുന്നതെന്ന് കേരള കാർഷിക സർവകലാശാല അധികൃതർ പറഞ്ഞു.
തലനാടൻ ഗ്രാന്പുവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ സവിശേഷമാണ്. കേരളത്തിൽ 23 കാർഷിക ഉത്പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ഇതിൽ 18 എണ്ണം കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.