ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതമാകണം: മന്ത്രി
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: ചലച്ചിത്ര മേഖല സ്ത്രീസുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത- ശിശു വികസന മന്ത്രി വീണാ ജോർജ്.
കാമറയ്ക്ക് മുന്നിലും പുറകിലും കൂടുതൽ സ്ത്രീകൾ എത്തണം. പോഷ് ആക്ട് 2013ന്റെയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും വെളിച്ചത്തിൽ ഒരു സിനിമ രൂപപ്പെടുമ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തേണ്ടതുണ്ട്.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിത- ശിശു വികസന വകുപ്പ് ജെൻഡർ പാർക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത- ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും ഡയറക്ടർ ഹരിത വി. കുമാർ നന്ദിയും പറഞ്ഞു. സിനിമാരംഗത്തെ 60ഓളം പേർ പങ്കെടുത്തു.