യൂണിയൻ തർക്കം ; ഐഒസി ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു
Friday, April 4, 2025 2:26 AM IST
ഉദയംപേരൂർ: ഉദയംപേരൂർ ഐഒസി ബോട്ടിലിംഗ് പ്ലാന്റിൽ രണ്ട് സിഐടിയു തൊഴിലാളികൾ ഐഎൻടിയുസിയിൽ ചേർന്നതിനെ തുടർന്നുള്ള തർക്കം മൂലം പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു.
യൂണിയൻ മാറിയവർ വ്യാഴാഴ്ച ജോലിക്ക് കയറാനെത്തിയപ്പോഴാണ് സിഐടിയു പ്രവർത്തകർ പണിമുടക്കുമായി രംഗത്തെത്തിയത്. ഇതോടെ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ഷിഫ്റ്റ് ആരംഭിക്കാൻ കഴിഞ്ഞില്ല. പണിമുടക്ക് മൂലം ഇന്നലത്തെ പാചകവാതക വിതരണവും നിലച്ചു. 75 ലേറെ ലോഡുകളാണ് മുടങ്ങിയത്.
സിഐടിയു യൂണിയൻ അംഗങ്ങളായിരുന്ന മണികണ്ഠൻ, വിഷ്ണു ഉണ്ണി എന്നിവരാണ് അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജി വച്ച് ഐഎൻടിയുസിയിൽ ചേർന്നത്. ഇവർ ഇന്നലെ പണിക്കെത്തിയപ്പോൾ സിഐടിയു പ്രവർത്തകർ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടുമായെത്തി, ഇവരെ രണ്ട് പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്കുകയായിരുന്നു. ഐഎൻടിയുസി തൊഴിലാളികൾ ജോലിക്ക് കയറാൻ സന്നദ്ധത അറിയിച്ചെങ്കിലും സിഐടിയു തൊഴിലാളികളില്ലാതായതോടെ പ്ലാന്റ് പൂർണമായി പ്രവർത്തനക്ഷമമായില്ല.
പ്രശ്നം സംബന്ധിച്ച് കമ്പനി അധികൃതരും പോലീസും യൂണിയൻ ഭാരവാഹികളുമായി ചർച്ചകൾ നടന്നെങ്കിലും ഒത്തുതീർപ്പായിട്ടില്ല. ഇന്നും പ്രശ്നത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ പാചകവാതക വിതരണത്തെയടക്കം സാരമായി ബാധിച്ചേക്കും.
സിഐടിയുവിന്റെ ചാൻസിൽ ജോലിക്കു കയറിയ തൊഴിലാളി ഒരു ദിവസം ഐഎൻടിയുസിയിൽ ചേർന്നു പ്രവർത്തിക്കുന്നതിനെതിരേയാണ് പണിമുടക്ക് നടത്തിയതെന്നും അവരെ മാറ്റി നിർത്തിയാൽ പണിമുടക്ക് പിൻവലിക്കുമെന്നും സിഐടിയു ഭാരവാഹികൾ പറഞ്ഞു.
എന്നാൽ മുൻപ് 14 പേർ ഐഎൻടിയുസിയിൽ നിന്ന് സിഐടിയുവിലേക്കും ബിഎംസിലേക്കും മാറിയിട്ടും പണിമുടക്ക് പോലെയുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് തൊഴിൽനിഷേധമാണെന്നും ഐഎൻടിയുസി ഭാരവാഹികളും പറഞ്ഞു.
വിഷു, ഈസ്റ്റർ തുടങ്ങിയ വിശേഷദിവസങ്ങൾ അടുത്ത സമയത്ത് ഇത്തരത്തിലുള്ള പണിമുടക്ക് പാചകവാതക വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് പറയുന്നു.