ആ പട്ടുനൂൽ
Thursday, April 3, 2025 3:10 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
സമാധാനമില്ലാതെയും ക്രമമില്ലാതെയും ദൈവഭക്തിയില്ലാതെയും നിത്യരക്ഷയെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാതെയുമുള്ള ഒരു കുടുംബത്തിൽ ജീവിക്കുന്നത് ഏറ്റവും വലിയ സങ്കടകരം.
ഇത്തരം കുടുംബങ്ങൾ വലിയ സങ്കടങ്ങൾക്കും കണ്ണുനീരിനും കാരണമാകുന്നു. കുടുംബത്തിനൊരു ചട്ടമുണ്ട്, ക്രമമുണ്ട്. അതില്ലാത്തതിനാൽ പ്രസിദ്ധിയുള്ളതും ബഹുമാനമുള്ളതും സന്പത്തുള്ളതുമായ എത്രയോ കുടുംബങ്ങൾ നശിച്ചു പോയിരിക്കുന്നു.
കുടുംബത്തിൽ ദൈവഭക്തിയും സ്നേഹവുമില്ലാത്തതിനാൽ എത്രയോ വഴക്കുകളും പാപങ്ങളും എത്രയോ നാശങ്ങളും എത്രയോ മരണങ്ങളും ഉണ്ടായിരിക്കുന്നുവെന്ന് ചാവറയച്ചൻ ചൂണ്ടിക്കാട്ടുന്നു. കെട്ടിയുണ്ടാക്കിയതാണ് കെട്ടിടം. വീട്ടിലുള്ളവരെല്ലാം ഒന്നിച്ചുകൂടുന്പോൾ ഇന്പമുണ്ടാകുന്ന ഒന്നാണ് കുടുംബം. വീടുകൾ പലപ്പോഴും കെട്ടിടങ്ങളായി മാത്രം നിലനിൽക്കുന്നു എന്നാൽ, അവ കുടുംബങ്ങളായി മാറണം.
പലരായവർ
വീട്ടിലുള്ളവർ തമ്മിൽ സ്നേഹം, സഹകരണം, ബഹുമാനം എന്നിവ ഉണ്ടാവണം. ദൈവഭക്തിയിൽ വളരണം. നിത്യരക്ഷ ലക്ഷ്യമാക്കി ജീവിക്കുകയും വേണം. ഏതു കുടുംബത്തിന്റെയും നിലനിൽപ്പിന് അടിസ്ഥാനം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ദൈവഭക്തിയുമാണ്.
രണ്ടായവരെ, പലരായവരെ സുഖത്തിലും ദുഃഖത്തിലും സന്പത്തിലും ദാരിദ്ര്യത്തിലും ഒന്നായി, ഒരാളായി മാറ്റുന്ന അദൃശ്യമെങ്കിലും അതിശക്തമായ പട്ടുനൂൽ. ആ നൂലിന്റെ വലക്കണ്ണികളാണ് കുടുംബത്തെ തകരാതെ, തളർന്നാലും വീഴാതെ കാത്തുസൂക്ഷിക്കുന്നത്. ആ ഇഴകൾ അയഞ്ഞാൽ, പൊട്ടിയാൽ കുടുംബം ചെറുകാറ്റിൽ പോലും ചീട്ടുകൊട്ടാരംപോലെ ഛിന്നഭിന്നമാകും.
ദുഃഖങ്ങളുടെതായ ഈ ലോകത്തിൽ മധുരമുള്ള ആശ്വാസവും സമാധാനവും സ്വസ്ഥതയും പ്രദാനം ചെയ്യുന്നതാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം എന്ന് ചാവറയച്ചൻ ഓർമിപ്പിക്കുന്നു. ഒരു കുടുംബത്തിലുള്ളവരെല്ലാം സ്വർഗത്തിൽ പോകണം. ആ ലക്ഷ്യം നേടണമെങ്കിൽ കുടുംബം നന്നാകണം. സ്നേഹം, സമാധാനം, ദൈവഭക്തി ഈ ഗുണങ്ങളുള്ള കുടുംബാംഗങ്ങളെല്ലാവരും നിത്യരക്ഷയെപ്പറ്റി ചിന്തിച്ചു ജീവിക്കും.
ഒന്നിച്ചിരുന്നാൽ
കുടുംബം പോറ്റാൻ ചോരയും നീരും ഒഴുക്കി കഷ്ടപ്പെട്ടാൽ മാത്രം പോരാ, കുടുംബനാഥനിലൂടെയും കുടുംബനാഥയിലൂടെയും ദൈവാനുഗ്രഹം കുടുംബത്തിലേക്കൊഴുകണം. ഐശ്വര്യവും സമാധാനവും ഇവരിലൂടെയാണ് ഒരു കുടുംബം കൈവരിക്കേണ്ടത്. ഇവർ അതിനു പരിശ്രമിക്കുന്നില്ലെങ്കിൽ കുടുംബജീവിതത്തിന് എന്തർഥമെന്നു കുടുംബനാഥന്മാരും കുടുംബനാഥമാരും സ്വയം ചോദിക്കണം: കുടുംബത്തിൽ എല്ലാവരും ഒന്നിച്ചിരുന്നു പ്രാർഥിക്കുന്പോൾ അവിടെ ദൈവാനുഗ്രഹം നിലനിൽക്കുന്നു.
എല്ലാവരുംകൂടി ഒന്നിച്ചിരുന്നു ഭക്ഷിക്കുന്പോഴും സംസാരിക്കുന്പോഴും മനസിലെ കെട്ടുകളും ദുഃഖങ്ങളും തെറ്റിദ്ധാരണകളും സംശയങ്ങളും മാറി സമാധാനവും സന്തോഷവും കൈവരുന്നു. അങ്ങനെയെങ്കിൽ നിത്യജീവനിലേക്കുള്ള വഴിയിലേക്ക് ആ കുടുംബാംഗങ്ങൾ ഒന്നടങ്കം പ്രവേശിക്കുന്നു. ദൈവസന്നിധിയിൽ എത്തിച്ചേരണമെന്ന ആഗ്രഹത്താൽ ജീവിക്കുന്ന കുടുംബങ്ങളിൽ കാണാവുന്ന പ്രത്യേകതകളാണ് സന്തോഷവും സമാധാനവും സ്നേഹവും ഐശ്വര്യവുമെല്ലാം.
(തുടരും)