ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുത്: ഹൈക്കോടതി
Friday, April 4, 2025 2:26 AM IST
കൊച്ചി: ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും മറ്റും മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന നിയമം കര്‍ശനമായി പാലിക്കണമെന്നു ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും ജസ്റ്റീസുമാരായ അനില്‍ കെ.നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
കൊല്ലം കടക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ വിപ്ലവഗാനം പാടിയതിനെതിരായ ഹര്‍ജിയിലാണു കോടതി നിര്‍ദേശം.
നിയമലംഘനമുണ്ടായാല്‍ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ദേവസ്വം കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് പത്തിന് അലോഷി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണു വിപ്ലവഗാനം പാടിയത്. സ്റ്റേജില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നതായി വീഡിയോയില്‍നിന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിലും ഈ പരാമര്‍ശമുണ്ട്.
ഇത് ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണെന്നായിരുന്നു കേസില്‍ കക്ഷി ചേര്‍ത്ത ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന്റെ വിശദീകരണം. അവിടെയുണ്ടായിരുന്ന ഭക്തര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്ത്തന്നെ അതു നിര്‍ത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി.
എന്നാല്‍, ഇതു ലാഘവത്തോടെ കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സംഗീതപരിപാടി നടക്കുമ്പോള്‍ സ്റ്റേജിനു സമീപം കുപ്പിയൊക്കെ പിടിച്ച് നൃത്തം ചെയ്യുന്നവരെ കാണാമായിരുന്നെന്നും ഇവരെ വിശ്വാസികളായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു.
ഇത്തരം പരിപാടികള്‍ ആരാണ് ക്ഷേത്രത്തിനകത്ത് അനുവദിച്ചത്. ഇതിന് ദേവസ്വം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി തേടിയിരുന്നോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള് എങ്ങനെയാണു ക്ഷേത്രോപദേശക സമിതി പ്രസിഡന്റാകുന്നതെന്നും കോടതി ചോദിച്ചു.