സഹോദരിയെ അപമാനിച്ചു ; പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി എംഎൽഎ
Thursday, April 3, 2025 3:10 AM IST
ഷൊർണൂർ: സഹോദരിയെ അപമാനിച്ചെന്നാരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ.
വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎയുടെ സഹോദരി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ സമീപിച്ചത്. വിദ്യാഭ്യാസയോഗ്യതയുടെ പേരിൽ സെക്രട്ടറി അപമാനിച്ചെന്നും അതുകൊണ്ടാണു മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതെന്നും എംഎൽഎ പ്രതികരിച്ചു.
വീട്ടിലെ സ്ത്രീകളോടു മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ചുപൊളിക്കുമെന്നും നേരിട്ടുവരാൻ അറിയാമെന്നും എംഎൽഎ പറയുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ഞാൻ നിയമസഭയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വരാത്തത്. പെൺകുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയത്. ഈ വർത്തമാനം ഇനിപറഞ്ഞാൽ മോന്തയ്ക്കു രണ്ടുതന്നിട്ടേ സംസാരിക്കൂ. വനിതാ മെമ്പർമാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎൽഎയുടെ ഓഡിയോയിലുണ്ട്.
ജനുവരി 20നാണു സംഭവം നടന്നത്. സെക്രട്ടറിക്കു സ്ഥലംമാറ്റം കിട്ടിയശേഷമാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. സെക്രട്ടറിക്കെതിരേ നിരന്തരം പരാതികൾ വന്നെന്നും സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നും എംഎൽഎ വിശദീകരിച്ചു. അതേസമയം, എംഎൽഎ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.