ശന്പളത്തിൽ വീണ്ടും വർധന; പിഎസ്സി ചെയർമാനും അംഗങ്ങൾക്കും കേന്ദ്രനിരക്കിൽ ഡിഎ
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാനും അംഗങ്ങൾക്കുമുള്ള ക്ഷാമബത്ത കേന്ദ്രനിരക്കിൽ. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തിയതോടെ പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പളത്തിൽ വീണ്ടും വർധന വന്നു. കേന്ദ്ര ഡിഎ 53 ശതമാനത്തിൽനിന്ന് 55 ശതമാനമാക്കി മുൻകാല പ്രാബല്യത്തോടെ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
കേരള പിഎസ്സി ചെയർമാനും അംഗങ്ങൾക്കും കേന്ദ്ര സർക്കാർ നിരക്കിലാണു ക്ഷാമബത്ത അനുവദിക്കുന്നതെന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുസ്ലിംലീഗിലെ എൻ. ഷംസുദീന്റെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.
എച്ച്ആർഎ, കണ്വെയ്ൻസ് അലവൻസ് എന്നിവ നിലവിൽ ലഭിച്ചുകൊണ്ടിരുന്ന നിരക്കിൽ തുടർന്നും ലഭിക്കുമെന്നും പറയുന്നു.
രണ്ടു മാസം മുൻപു പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശന്പളം മന്ത്രിസഭായോഗം കുത്തനെ വർധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വർധിപ്പിച്ചത് ഏറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ക്ഷാമബത്തയിൽ രണ്ടു ശതമാനം വർധന വരുന്നത്.
2025 ജനുവരി മുതലുള്ള ക്ഷാമബത്ത കുടിശികയും ഇവർക്ക് പണമായി ലഭിക്കും. കേന്ദ്ര നിരക്കിലെ ക്ഷാമബത്ത വർധിക്കുന്നതോടെ പിഎസ്സി ചെയർമാന്റെ ക്ഷാമബത്ത 1,23,255 രൂപയായി. ചെയർമാന്റെ അടിസ്ഥാന ശന്പളം 2,24,100 രൂപയാണ്. അതിന്റെ 55 ശതമാനമാണു ക്ഷാമബത്തയായി ലഭിക്കുക. പിഎസ്സി അംഗങ്ങളുടെ ക്ഷാമബത്ത 1,20,500 രൂപയായി ഉയരും. അംഗങ്ങളുടെ അടിസ്ഥാന ശന്പളം 2,19,090 രൂപയാണ്.20 പേരാണു നിലവിൽ പിഎസ്സിയിൽ ഉള്ളത്.