നിയമസഭ ലൈബ്രറി ജീവനക്കാർക്കും ഇ-ഫയൽ കൈകാര്യം ചെയ്യാൻ അനുമതി
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: നിയമസഭയിൽ സർവീസ് ചട്ടങ്ങൾ മറികടന്നു ലൈബ്രറി ജീവനക്കാർക്ക് ഇ-ഓഫിസ് ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അനുമതി നൽകി സ്പീക്കർ.
സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിനും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി ഇ-ഓഫീസ് ഫയലുകൾ തുടങ്ങുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക ലോഗിൻ അനുവദിച്ച സ്പീക്കറുടെ നടപടിയിൽ ഭരണ- പ്രതിപക്ഷ സർവീസ് സംഘടനകൾ വ്യാപകമായി പ്രതിഷേധിച്ചു.
ചീഫ് ലൈബ്രറിയൻ, ലൈബ്രേറിയൻമാർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഗ്രീൻ നോട്ട് പ്രകാരം ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും ലൈബ്രറിയിലെ മറ്റു ജീവനക്കാർക്കു യെല്ലോ നോട്ട് പ്രകാരം ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് അനുമതി നൽകിയത്.
സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ, വിവിധ സർവീസ് ചട്ടങ്ങൾ എന്നിവ പ്രകാരം ഫയൽ കൈകാര്യം ചെയ്യാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജീവനക്കാരിലാണു നിക്ഷിപ്തമായിട്ടുള്ളത്. ഇതനുസരിച്ച് നിയമസഭാ സെക്രട്ടേറിയറ്റിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗസ്ഥരും അതേ ശ്രേണിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമാണു നിലവിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഇതിന് വിരുദ്ധമായാണ് അഡ്മിനിസ്ട്രേറ്റീവ് ജോലി നിക്ഷിപ്തമാക്കിയിട്ടില്ലാത്ത ലൈബ്രറി വിഭാഗം ജീവനക്കാർക്കു ഫയലുകൾ കൈകാര്യം ചെയ്യാൻ സ്പീക്കർ അനുമതി നൽകിയതെന്നാണു സർവീസ് സംഘടനകളുടെ ആരോപണം.
നേരത്തേ ഇതു സംബന്ധിച്ചു പ്രാഥമിക ചർച്ചയ്ക്കു വിളിച്ചപ്പോൾ, ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ എതിർപ്പിനെ മറികടന്നാണു സ്പീക്കറുടെ ഇപ്പോഴത്തെ തീരുമാനമെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോഴത്തെ തീരുമാനം നിയമസഭാ സെക്രട്ടേറിയറ്റിൽ മാത്രമല്ല അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റിലും സർവകലാശാലകളിലും വിവിധ ഫീൽഡ് ഡിപ്പാർട്ട്മെന്റുകളിലും സർവീസ് തർക്കങ്ങൾക്കു വഴിവയ്ക്കും.
സ്പീക്കറുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചു ഭരണകക്ഷി സർവീസ് സംഘടനയിൽപ്പെട്ട ചിലർ സംഘടനയിലെ ഭാരവാഹിത്വങ്ങൾ രാജിവച്ചു. ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ സർവീസ് സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഇന്ന് കരിദിനമായി ആചരിക്കും. സമരത്തിന്റെ ഭാഗമായി പെൻ-മൗസ് ഡൗണ് സമരത്തിനും ആഹ്വാനം ചെയ്തു.