നിരോധന കാലാവധി കഴിഞ്ഞിട്ടും അനുമതി നൽകാതെ പഞ്ചായത്തുകൾ; താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍
Friday, April 4, 2025 2:26 AM IST
കോട്ടയം: ജില്ലയിലെ താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍. നിരോധന കാലാവധി കഴിഞ്ഞിട്ടും അപ്പര്‍കുട്ടനാട്ടില്‍ പലയിടത്തും കര്‍ഷകര്‍ക്ക് താറാവിനെ വളര്‍ത്താന്‍ മൃഗസംരക്ഷണവകുപ്പ് അനുമതി നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ താറാവുകൃഷി പുനരാരംഭിച്ചെങ്കിലും കര്‍ഷകര്‍ക്കു താറാവുകളെ പാടത്തിറക്കാന്‍ കഴിയുന്നില്ല.
ആയിരക്കണക്കിനു താറാവുകളെയാണു പുറത്തേക്കു കൊണ്ടുപോകാന്‍ കഴിയാതെ കൈത്തീറ്റ നല്കി വളര്‍ത്തുന്നത്. നിരോധനം പിന്‍വലിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ചില പഞ്ചായത്തുകള്‍ താറാവുകളെ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ ഇറക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.
പക്ഷിപ്പനി കാരണം താറാവ് ചത്താല്‍ എവിടെയാണോ താറാവുകൂട്ടങ്ങള്‍ കിടക്കുന്നത് ആ പഞ്ചായത്ത് വേണം താറാവുകളെ കൊല്ലുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ചെലവ് വഹിക്കാന്‍. ഇതു പഞ്ചായത്തുകള്‍ക്ക് വലിയ നഷ്ടത്തിനു കാരണമാകും.
കഴിഞ്ഞ വര്‍ഷം താറാവുകളെ കള്ളിംഗ് നടത്തി സംസ്കരിച്ചതിനു ലക്ഷങ്ങളാണ് പല പഞ്ചായത്തുകള്‍ക്കും ചെലവായത്. തനത് ഫണ്ടുകള്‍ പോലുമില്ലാത്ത പഞ്ചായത്തുകള്‍ക്കു ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ചെലവഴിക്കേണ്ടിവന്നത്. ഇതൊഴിവാക്കാനാണ് നിരോധനം പിന്‍വലിച്ചിട്ടില്ലെന്നും പാടത്തിറക്കാന്‍ അനുമതിയില്ലെന്നുമുള്ള തീരുമാനമെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
കുമരകം, അയ്മനം, ആര്‍പ്പൂക്കര, കൈപ്പുഴ, ചങ്ങനാശേരി, വെച്ചൂര്‍, വൈക്കം തുടങ്ങിയ മേഖലകളിലായി നുറൂകണക്കിനാളുകളാണ് താറാവു കൃഷി ഉപജീവനമാര്ഗമാക്കിയിട്ടുള്ളത്. ഈ കര്‍ഷകരെല്ലാം ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞവര്‍ഷം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് താറാവു കര്‍ഷകരുടെ ശനിദശ ആരംഭിച്ചത്. തുടര്‍ന്നു സര്‍ക്കാര്‍ താറാവുകളെ വിരിയിക്കുന്നതിനും വളര്‍ത്തുന്നതിനും നിരോധനമേര്‍പ്പെടുത്തി. കഴിഞ്ഞ മേയ് മുതല്‍ എട്ടുമാസം നീണ്ട നിരോധനം കര്‍ഷകരെ പട്ടിണിയിലാക്കി. നിരോധന കാലാവധി കഴിഞ്ഞതോടെ പല കര്‍ഷകരും ഫെബ്രുവരി മുതല്‍ താറാവ് വളര്‍ത്തല്‍ പുനരാരംഭിച്ചു.
നിരോധനം പിന്‍വലിച്ച് മാര്‍ച്ച് 15നു സര്‍ക്കാര്‍ ഉത്തരവിറങ്ങി. താറാവ് വളര്‍ത്തല്‍ നിരോധനത്തില്‍ നേട്ടമുണ്ടായത് ഇതര സംസ്ഥാന ലോബിക്കാണ്.
പ്രതിരോധ വാക്സിനും കിട്ടാനില്ല
പ്രതിരോധ വാക്സിന് പ്രതിസന്ധിയും കര്‍ഷകര്‍ക്കു തിരിച്ചടിയായി. ഫെബ്രുവരിയില്‍ മുട്ട വിരിയിച്ച താറാവുകള്‍ക്കു 45 ദിവസം പ്രായമാകുമ്പോള്‍ പ്രതിരോധ വാക്സിന് നല്‍കണം. എന്നാല്‍ വാക്സിന് കിട്ടാനില്ല.
ഡക്ക് പ്ലേഗ്, പാസ്റ്ററേല്ല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനാണ് കിട്ടാനില്ലാത്തത്. ആദ്യഘട്ടത്തില്‍ രണ്ട് വാക്സിനും നല്‍കിയില്ലെങ്കില്‍ താറാവുകള്‍ രോഗം വന്നു ചത്തുപോകും.
രോഗബാധയുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. കര്‍ഷകര്‍ അതാതു പ്രദേശത്തെ മൃഗാശുപത്രിയില്‍ കയറിയിറങ്ങിയെങ്കിലും വാക്സിനില്ലെന്നാണ് മറുപടി.
താറാവുകുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മൃഗാശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോഴാണ് വാക്സിന് വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഓഫീസിലേക്ക് അപേക്ഷ അയയ്ക്കുന്നത്.
വാക്സിനേഷന് ചെയ്യുന്ന അന്നോ അതിന്റെ തലേദിവസമോ വാക്സിന് വേണമന്നു പറഞ്ഞാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.