വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞു
Thursday, April 3, 2025 3:10 AM IST
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍ സിബിഐ പ്രതിചേര്‍ത്ത മാതാപിതാക്കളുടെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് മാതാപിതാക്കളെ ഒഴിവാക്കി.
സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ആറിലും മാതാപിതാക്കളെ പ്രതിചേര്‍ത്തിരുന്നു.
പോക്സോ നിയമപ്രകാരവും ഐപിസി വകുപ്പ് പ്രകാരവുമുള്ള കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരേ സിബിഐ ചുമത്തിയത്. കേസിലെ രണ്ടു മൂന്നും പ്രതികളാണ് മാതാപിതാക്കള്‍. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കാന്‍ മുഖ്യപ്രതി ‘വലിയ മധു’വിന് ഇവര്‍ കൂട്ടുനിന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണനടപടിയുടെ ഭാഗമായാണു പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. ഈ മാസം 25ന് കൊച്ചിയിലെ വിചാരണക്കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. തുടര്‍ന്നാണു മാതാപിതാക്കള്‍ സിബിഐ കുറ്റപത്രത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.