വരദേവി പുരസ്കാരം പ്രഫ. ജി.എൻ. പണിക്കർക്ക്
Friday, April 4, 2025 2:26 AM IST
തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. പി.സി. നായർ ഫൗണ്ടേഷന്റെ 2025 ലെ വരദേവി പുരസ്കാരം പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പ്രഫ. ജി.എൻ. പണിക്കർക്ക്.
25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 10ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ പുരസ്കാരം സമ്മാനിക്കും.
കഥാകൃത്ത്, നോവലിസ്റ്റ്, വിമർശകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജി.എൻ. പണിക്കരുടെ നീരുറവകളുടെ ഗീതം എന്ന കഥാസമാഹാരം 1982 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. പുരസ്കാര സമർപ്പണ ചടങ്ങിൽ ഡോ. പി.സി. നായർ ഫൗണ്ടേഷൻ ഉപദേശക സമിതി ചെയർമാൻ ഡോ. എം.ജി. ശശിഭൂഷണ്‍ അധ്യക്ഷത വഹിക്കും.
നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത്, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനും അമേരിക്കയിലെ നിരവധി കോളജുകളിൽ ധനതത്വശാസ്ത്ര പ്രഫസറുമായിരുന്ന ഡോ. പി.സി. നായരുടെ പേരിലുള്ള ഫൗണ്ടേഷനാണ് വരദേവി പുരസ്കാരം നൽകുന്നത്.