ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ
Thursday, April 3, 2025 3:10 AM IST
ആലപ്പുഴ: രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് ആലപ്പുഴ നാര്‍കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
പിടിയിലായ തസ്ലീമ സുല്‍ത്താനയ്ക്ക് സിനിമാമേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. വിനോദ് കുമാര്‍ പറഞ്ഞു. സിനിമാനടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലീമ വെളിപ്പെടുത്തി.
കെണിയൊരുക്കി മൂന്നു മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് കുടുക്കിയത്. ഫിറോസുമായി ചേര്‍ന്നു വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
തായ്ലന്ഡില്നിന്നാണു ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണു സൂചന. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്നു കണ്ടെത്തിയത്. സെക്സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയിലായ തസ്ലീമയ്ക്ക് സിനിമാമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്.
പിടിയിലായ രണ്ടുപേരും സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്നാണ് എക്സൈസ് നല്കുന്ന വിവരം. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി ഒരു വാഹനം ആലപ്പുഴയിലേക്കു വരുന്നുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്.
സിനിമാമേഖലയിലെ പ്രമുഖരുടെ ഫോൺ നമ്പറുകളും വാട്സ് ആപ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ഏതാനും സിനിമകളിൽ തസ്ലീമ മുഖം കാണിച്ചിട്ടുമുണ്ട്. കണ്ണൂര്‍ സ്വദേശിനിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം.