പോസ്റ്റൽ വഴി ഗിഫ്റ്റ് വൗച്ചർ അയച്ച് ഒന്നേകാൽ ലക്ഷം തട്ടിയെടുത്തു
Friday, April 4, 2025 2:26 AM IST
കണ്ണൂർ: സമ്മാനം ലഭിക്കാൻ വേണ്ടി ഗിഫ്റ്റ് വൗച്ചർ അയച്ച മയ്യിൽ സ്വദേശിക്കു നഷ്ടമായത് 1,22,300 രൂപ. മൊബൈൽ കോൾ വഴി തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇതുപോലെ സമ്മാനങ്ങൾ നല്‍കുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കോൾ വന്ന് ഒരാഴ്ചയ്ക്കുശേഷം പോസ്റ്റലായി ഗിഫ്റ്റ് വൗച്ചർ ലഭിച്ചു അത് സ്ക്രാച്ച് ചെയ്തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതു കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നല്‍കാമെന്നും പറഞ്ഞു.
പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്കു വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കുവാനുണ്ടെന്നും പറഞ്ഞു.
1,22,300 രൂപ അയച്ചു നൽകിയെങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി പരാതി നൽകുകയായിരുന്നു.