ഓൺലൈനിൽ മരുന്ന്: നടപടി ആവശ്യപ്പെട്ട് കേരളം
Thursday, April 3, 2025 3:10 AM IST
തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർഥിച്ചു.
അനധികൃത മരുന്നുകൾക്കെതിരേ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളിൽനിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യർഥിച്ചു.
അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കർശന നടപടികളാണ് സ്വീകരിക്കുന്നത്.
ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓപറേഷൻ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു.
സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നുംതന്നെ മെഡിക്കൽ ഷോപ്പുകൾ വഴി ശേഖരിച്ചവയുമല്ല. ഓൺലൈനായാണ് വാങ്ങിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചതും നേരിട്ട് അഭ്യർഥിച്ചതും.