വന്യജീവി ആക്രമണത്തിൽ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം
Friday, January 24, 2025 2:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 2016 മുതൽ ഇതുവരെ അറുപതിനായിരത്തോളം വന്യജീവി ആക്രമണങ്ങൾ ഉണ്ടായതായും മലയോരമേഖലയിൽ ജനങ്ങൾ ഭീതിയോടെ ജീവിക്കുന്പോൾ സർക്കാർ ഈ പ്രശ്നത്തെ ലാഘവത്തോടെ കാണുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.
വന്യമൃഗ ആക്രമണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്ന് ഡോ. മാത്യു കുഴൽനാടൻ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ്, വനംവകുപ്പിനെയും മന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.
ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്കുന്ന വനനിയമഭേദഗതി ബിൽ സർക്കാർ പിൻവലിച്ചിട്ടും അതിലെ വകുപ്പുകളെ ന്യായീകരിക്കാനാണ് വനം മന്ത്രി ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, അതല്ല വനംമന്ത്രി പറഞ്ഞത്. പിൻവലിക്കപ്പെട്ട വനം നിയമഭേദഗതിയിലെ ഓരോ വ്യവസ്ഥയെയും മന്ത്രി ന്യായീകരിക്കുകയാണ്.
വനനിയമത്തിന് എതിരായി സമരമുണ്ടാക്കി പ്രതിപക്ഷം കർഷകരെ പ്രകോപിപ്പിക്കാൻ നോക്കിയതിനാലാണ് വനനിയമം പിൻവലിക്കേണ്ടിവന്നതെന്നും അല്ലാതെ വനനിയമം കർഷകവിരുദ്ധമോ ആദിവാസി വിരുദ്ധമോ ആയതുകൊണ്ടല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
അമിതമായ അധികാരം ഒരു വകുപ്പിലും പാടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിലൂടെ അമിതമായ അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വകുപ്പുകൾ ഈ നിയമത്തിലുണ്ടെന്നു വ്യക്തമായി. അമിതമായ അധികാരം ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് എതിരേയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
വനാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്കുപോലും എതിരായ ബിൽ കൊണ്ടു വന്നപ്പോഴാണ്എതിർത്തത്. തുടർന്നു പിൻവലിച്ചു. ഈ നിയമത്തിന് എതിരേകൂടിയാണ് യുഡിഎഫ് സമരം പ്രഖ്യാപിച്ചത്. അവസരം കിട്ടിയാൽ ഈ നിയമം ഇനിയും കൊണ്ടുവരുമെന്ന നിലപാടാണ് വനം മന്ത്രി ഇപ്പോഴും സ്വീകരിക്കുന്നത്. ഈ ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷ നിലപാടെന്നും സതീശൻ വ്യക്തമാക്കി.
എൽഡിഎഫ് ഭരണത്തിൽ മലയോര മേഖലയുടെ ശബ്ദം ദുർബലമായതായി അടിയന്തര പ്രമേയ നോട്ടീസ് നല്കിയ ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. മലയോര മേഖലയുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി യുഡിഎഫ് നടത്തുന്ന സമരത്തിലേക്ക് മന്ത്രി റോഷി അഗസ്റ്റിൻ വരണമെന്നും മാത്യു ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ പ്രശ്നങ്ങളിൽ കൂട്ടുത്തരവാദിത്വത്തോടെയാണ് മന്ത്രിസഭാ തലത്തിലും രാഷ്ട്രീയ തലത്തിലും ഇടപെട്ടിട്ടുള്ളതെന്നു മന്ത്രി റോഷി പ്രതികരിച്ചു. മലയോര കർഷകരെ സംരക്ഷിക്കുന്ന കാര്യത്തിൽ പിണറായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും റോഷി പറഞ്ഞു. മാത്യു കുഴൽനാടന്റെ പ്രസംഗത്തിനിടെ സ്പീക്കറുടെ ഇടപെടൽ ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിനും ഇടയാക്കി.
“ 2016 മുതൽ ഇതുവരെ വന്യജീവി ആക്രമണങ്ങളിൽ ആയിരത്തിലധികം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു. 5000ത്തിലധികം വളർത്തുമൃഗങ്ങളെയും വന്യജീവികൾ കൊന്നു. അപ്പോഴും വനംമന്ത്രി പറയുന്നത് വന്യജീവി ആക്രമണത്തെ ഫലപ്രദമായി നേരിടുന്നുവെന്നാണ്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ്. സർക്കാരിന്റെ ഇഎഫ്എൽ നയമാണ് കർഷകരെ പരിസ്ഥിതിയുടെയും വനത്തിന്റെയും എതിരാളികളാക്കിയത്. സംസ്ഥാനത്ത് 29 ശതമാനം വനവിസ്തൃതിയുണ്ട്. അത് ഇനി വർധിപ്പിക്കേണ്ട കാര്യമില്ല.”
- വി.ഡി. സതീശൻ (പ്രതിപക്ഷനേതാവ്)
“വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം മുൻ വർഷങ്ങളുടേതുമായി താരതമ്യം ചെയ്യുന്പോൾ കുറഞ്ഞുവരുന്നു. 2021-22ൽ 114 പേർ കൊല്ലപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം അത് 12 ആയി കുറഞ്ഞു. നിലന്പൂരും കോതമംഗലത്തും കാട്ടാനയുടെ ആക്രമണം ഉണ്ടായത് വനത്തിനുള്ളിലാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ സമഗ്ര സമീപനങ്ങൾ സ്വീകരിക്കും.
സംസ്ഥാനത്ത് 12 ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കാട്ടിൽനിന്നും കാട്ടാനകളും പുലിയും പരിക്കുകളോടെ പുറത്തു വരുന്നതിനു കാരണം അന്വേഷിക്കേണ്ടതായുണ്ട്.”
- എ.കെ. ശശീന്ദ്രൻ (വനം മന്ത്രി)