തർക്കത്തിന് അയവില്ല; അഴിച്ചുപണി ചർച്ചകളിലേക്കു കടന്ന് ഹൈക്കമാൻഡ്
Tuesday, January 21, 2025 2:29 AM IST
സാബു ജോണ്
തിരുവനന്തപുരം: നേതൃതലത്തിലെ തർക്കം അയവില്ലാതെ തുടരുന്പോഴും കോണ്ഗ്രസ് പാർട്ടിയുടെ നേതൃതലത്തിലെ അഴിച്ചുപണിയെക്കുറിച്ച് ഹൈക്കമാൻഡ് ആശയവിനിമയം തുടങ്ങി.
സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ച ആരംഭിച്ചു.
ഏതു തലത്തിൽ വരെ പുനഃസംഘടന വേണമെന്ന കാര്യത്തിലാണ് ഹൈക്കമാൻഡ് പ്രധാനമായും കേരളത്തിലെ നേതാക്കളുടെ മനസിലിരിപ്പ് അറിയാൻ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷനെ മാറ്റണമെന്നു നേരത്തേ ഏറെക്കുറെ തീരുമാനിച്ചിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉയർന്നു വന്നു. തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിച്ചതിനു പിന്നാലെ പ്രസിഡന്റിനെ മാറ്റുന്നതു തെറ്റായ സന്ദേശം നൽകുമെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് അത്തരം ചർച്ചകൾ അന്ന് താത്കാലികമായി അവസാനിച്ചത്.
പ്രസിഡന്റിനെ മാറ്റണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ടെങ്കിലും പ്രസിഡന്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും ഇപ്പോൾ ശക്തിയാർജിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രധാന നേതാക്കളുടെ താത്പര്യം അറിഞ്ഞ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനത്തിലേക്കു കടക്കുകയുള്ളൂ.
ഇന്നലെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടന്നെങ്കിലും നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നുവന്നതു ശ്രദ്ധേയമായി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഭിന്നതയ്ക്കു പരിഹാരമായിട്ടില്ല. ഇന്നലത്തെ യോഗത്തിലും അതു പ്രതിഫലിച്ചു. നേതാക്കൾ ഒരുമിച്ചു നീങ്ങാൻ തയാറല്ലെങ്കിൽ താൻ തുടരുന്നതിൽ അർഥമില്ലെന്നു വരെ ഒരു ഘട്ടത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുറന്നടിച്ചു.
മുഖ്യമന്ത്രിസ്ഥാനാർഥിയായി രമേശ് ചെന്നിത്തല സ്വയം ഉയർത്തിക്കാട്ടുന്നതിനെ യോഗത്തിൽ പങ്കെടുത്ത പലരും രമേശിന്റെ പേരു പറയാതെ വിമർശിച്ചു. വി.ഡി. സതീശനു നേരെയും വിമർശനം ഉയർന്നു.
സംസ്ഥാനത്തെ 61 നിയോജകമണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞപ്പോൾ എ.പി. അനിൽകുമാർ അതിനെ ചോദ്യം ചെയ്തു. പാർട്ടിയുടെ ഏതു ഫോറത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതെന്നായിരുന്നു അനിൽകുമാർ ചോദിച്ചത്. ചില കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നു പറഞ്ഞ് സതീശൻ സ്വന്തം പക്ഷം ന്യായീകരിച്ചു.
പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനശൈലിയെ ചോദ്യം ചെയ്തും ആക്ഷേപങ്ങളുയർന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആളൊഴിഞ്ഞ അവസ്ഥയാണെന്ന കുറ്റപ്പെടുത്തലുണ്ടായി. കെപിസിസി പ്രസിഡന്റ് കെപിസിസി ഓഫീസിൽ വല്ലപ്പോഴുമെങ്കിലും എത്തണമെന്നു പറഞ്ഞു പരിഹാസവും ഉയർന്നു.
രാഷ്ട്രീയകാര്യസമിതി യോഗത്തിനു ശേഷം അടുത്ത ദിവസം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ചു വാർത്താസമ്മേളനം നടത്തണമെന്ന മുൻതീരുമാനം ഇന്നലെയും പ്രാവർത്തികമായില്ല.
എഐസിസി സെക്രട്ടറി പി. വി. മോഹനൻ പാലായിൽ വാഹനാപകടത്തിൽ പെട്ട സാഹചര്യത്തിലാണ് വാർത്താസമ്മേളനം ഒഴിവാക്കിയതെന്ന് ഔദ്യോഗികവിശദീകരണം നൽകുന്നുണ്ടെങ്കിലും ഇരുവരും ഒരുമിച്ചിരുന്നു വാർത്താസമ്മേളനം നടത്താൻ തയാറാകാത്തതാണു കാരണമെന്നറിയുന്നു. തങ്ങളെ തിരുത്തേണ്ട നേതൃത്വത്തെ തങ്ങൾ തിരുത്തേണ്ട അവസ്ഥയിലാണെന്ന് ഒരംഗം യോഗത്തിൽ തുറന്നുപറഞ്ഞു.