മദ്യ ഉപഭോഗം കുറയ്ക്കുമെന്ന സർക്കാർ വാദം കളവ്
Monday, January 20, 2025 5:13 AM IST
തിരുവനന്തപുരം: മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന എൽഡിഎഫ് സർക്കാരിന്റെ വാദം കളവെന്ന് തെളിയിക്കുകയാണ് കൂടുതൽ മദ്യ ഉത്പാദനശാലകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യം, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ വഴി വിറ്റഴിക്കുന്ന മദ്യത്തിന്റെ അളവിനേക്കാൾ ഏഴു ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ മദ്യ ഉത്പാദനകേന്ദ്രങ്ങൾ സംസ്ഥാനത്തു വേണമെന്ന സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത ജലക്ഷാമം നേരിടുന്ന പാലക്കാട് എലപ്പുളിയിൽ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ബ്രൂവറിയും ഡിസ്റ്റിലറിയും ആരംഭിക്കാൻ അനുമതി നൽകിയത്.
സംസ്ഥാനത്തു നിലവിൽ പ്രവർത്തിക്കുന്ന 17 ഡിസ്റ്റിലറികളും ബ്ലനൻഡിംഗ് യൂണിറ്റുകളും വഴി പ്രതിമാസം 18 ലക്ഷം കെയ്സ് മദ്യം ഉത്പാദിപ്പിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, മദ്യ വിതരണ സ്ഥാപനമായ ബിവറേജസ് കോർപറേഷൻ വഴി വിറ്റഴിക്കുന്ന മദ്യത്തിൽ ഏഴു ശതമാനത്തിന്റെ കുറവു വരുമെന്നാണു കണക്കാക്കുന്നത്. കുറവു നികത്തുന്നതിനായി കൂടുതൽ ഡിസ്റ്റിലറികൾ അനുവദിക്കുകയാണ് മാർഗമെന്നാണ് എക്സൈസ് വാദം. ഇത് അംഗീകരിച്ചാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാൻ നീക്കം തുടങ്ങിയത്.
മദ്യത്തിൽ നിന്നുള്ള വരുമാനമാണ് സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ്. കഴിഞ്ഞ സാന്പത്തിക വർഷം 19,088 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനം 1,24,486 കോടി രൂപയായിരുന്നു.
കൂടുതൽ മദ്യനിർമാണം വേണ്ടെന്ന ആശാ തോമസ് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിട്ടില്ല
അഴിമതി ആരോപണങ്ങൾക്കു പിന്നാലെ ബ്രൂവറി, ഡിസ്റ്റിലറികളുടെ അനുമതി റദ്ദാക്കിയതിനു പിന്നാലെ ഇതു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചു പഠിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ ആശാ തോമസ് അധ്യക്ഷയായ സമിതിയെ നിയോഗിച്ചു. കൂടുതൽ മദ്യനിർമാണ ശാലകൾ സംസ്ഥാനത്ത് ആവശ്യമില്ലെന്ന ആശാ തോമസ് സമിതിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടില്ല.