സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താൻ മാർഗരേഖയുമായി കെപിസിസി
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: സംഘടനയെ ശക്തിപ്പെടുത്താൻ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികൾക്കു വിശദമായ പ്രവർത്തന മാർഗരേഖയുമായി കെപിസിസി. ഈ മാസം 20 നകം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികൾ വിളിച്ചു കൂട്ടി മാർഗരേഖ ചർച്ച ചെയ്തു നടപ്പിലാക്കാനാണ് ബ്ലോക്ക് പ്രസിഡന്റുമാർക്ക് അയച്ചിരിക്കുന്ന കത്തിൽ കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടിയുടെ സംഘടനാ പരിപാടികളും പ്രക്ഷോഭങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പരിപാടി കഴിഞ്ഞാലുടൻ ഡിസിസിക്കും കെപിസിസിക്കും സമർപ്പിക്കണം. പരിപാടിയുടെ ജനപങ്കാളിത്തം തുടങ്ങിയ വിശദാംശങ്ങൾക്കൊപ്പം സഹകരിക്കാതിരുന്ന നേതാക്കളുടെ വിവരങ്ങളും മുകൾതട്ടിലേക്കു സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതനുസരിച്ച് 20 നകം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയിലെ എല്ലാ ഭാരവാഹികൾക്കും ചുമതലകൾ വിഭജിച്ചു നൽകണം. മണ്ഡലങ്ങളുടെയും ബൂത്ത്, വാർഡ് കമ്മിറ്റികളുടെയും പോഷകസംഘടനകളുടെയും ചുമതലകളാണു വിഭജിച്ചു നൽകേണ്ടത്. ചുമതല ലഭിച്ച ഭാരവാഹികളിൽ നിന്ന് പ്രവർത്തനറിപ്പോർട്ട് എല്ലാ മാസവും ബ്ലോക്ക് പ്രസിഡന്റുമാർ വാങ്ങിയെടുക്കണം. ഈ മാസം 30 നകം പുതിയ ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികൾക്കു പരിശീലനം നൽകണം. ഇതിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെയും പങ്കെടുപ്പിക്കണം.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിക്ക് ആസ്ഥാനമുണ്ടാകണം. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ഒരു ജനറൽ സെക്രട്ടറിക്ക് ഓഫീസിന്റെ ചുമതല നൽകണം. ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എല്ലാ കോണ്ഗ്രസ് ഭാരവാഹികളുടെയും പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും സമാഹരിച്ചു സൂക്ഷിക്കണം. ഭാരവാഹികളെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കണം. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി നവമാധ്യമ അക്കൗണ്ടുകൾ ഉണ്ടാകണം. ഇതിലൂടെ വ്യാപകമായ പ്രചാരണപ്രവർത്തനങ്ങളും നടത്തണം.
മാസത്തിലൊരിക്കൽ ബ്ലോക്ക് എക്സിക്യൂട്ടീവും രണ്ടു മാസത്തിലൊരിക്കൽ ജനറൽ ബോഡിയും ചേരണമെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്. മൂന്നു മാസത്തിലൊരിക്കൽ ബ്ലോക്കിന്റെ ചുമതലയുള്ള ഡിസിസി ഭാരവാഹിയുടെ സാന്നിധ്യത്തിൽ സന്പൂർണ അവലോകനം നടത്തണം. ഈ യോഗത്തിൽ മണ്ഡലം കമ്മിറ്റിയുടെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും ചുമതലയുള്ള ബ്ലോക്ക് ഭാരവാഹികൾ റിപ്പോർട്ട് അവതരിപ്പിക്കണം. ഈ റിപ്പോർട്ട് ഡിസിസിക്കു സമർപ്പിക്കണം.
സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിനൊപ്പം മണ്ഡലം കമ്മിറ്റികളുടെ പൂർത്തീകരണം, ബൂത്ത്- വാർഡ് കമ്മിറ്റികളുടെ രൂപീകരണം, ഈ ഘടകങ്ങൾ സജീവമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക എന്നിവയും ബ്ലോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വമാണ്.
മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പ്രവർത്തന റിപ്പോർട്ട് വാങ്ങി പരിശോധിച്ച് ഡിസിസിക്കു സമർപ്പിക്കണം. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ റിപ്പോർട്ട് എല്ലാ മാസവും ഡിസിസിക്കു നൽകണമെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ.എം. ലിജു ആണ് മാർഗരേഖ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാർക്ക് അയച്ചു കൊടുത്തിരിക്കുന്നത്.