സിപിഎം പ്രതിരോധത്തിൽ; മകൻ സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി തന്നെയെന്നു പിതാവ് യൂസഫ്
Monday, January 20, 2025 5:01 AM IST
കണ്ണൂര്: തലശേരിയില് സിപിഎം പ്രവർത്തകനായ യു.കെ. സലീം കൊലക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ്. മകന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന ആരോപണമാണ് യൂസഫ് ഉന്നയിച്ചിരിക്കുന്നത്. സലീം കൊലക്കേസിൽ പുനരന്വേഷണം വേണമെന്നും സത്യം കണ്ടുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ പ്രതിചേർക്കപ്പെട്ടത് യഥാർഥ പ്രതികളാണെന്ന് കരുതുന്നില്ല. നേതാക്കളെയടക്കം പലരേയും തനിക്കു സംശയമുണ്ട്. സലീം കൊല്ലപ്പെടുന്പോൾ ഭരണം എൽഡിഎഫിനായിരുന്നു. അന്വേഷണത്തിൽ പോലീസിന് മുകളിൽനിന്നുള്ള സമ്മർദമുണ്ടായതായാണ് കരുതുന്നത്. പോലീസിനെ കുറ്റം പറയാനാകില്ല. സിപിഎം ഭരിക്കുന്പോൾ ഇവിടെ ഒന്നും നടക്കില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും അതു വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും യൂസഫ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2008 ജൂലൈ 23ന് തലശേരി പുന്നോലിൽ വച്ചായിരുന്നു സലീം കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെ എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ തുടക്കം മുതലേ അന്വേഷണത്തിൽ യൂസഫ് തൃപ്തനായിരുന്നില്ല. കേസ് സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് യൂസഫ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്കൽ പോലീസിൽനിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഏഴ് എൻഡിഎഫ് പ്രവർത്തകരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ വിചാരണ തലശേരി സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയുള്ള യൂസഫിന്റെ വെളിപ്പെടുത്തൽ. കേസിൽ കഴിഞ്ഞ 14ന് യൂസുഫ് കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു.
യൂസഫ് പറയുന്നത് കല്ലുവച്ച നുണകൾ: എം.വി. ജയരാജൻ
സലീമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പിതാവ് യൂസഫ് മാധ്യമങ്ങളോടു പറഞ്ഞതെല്ലാം കല്ലുവച്ച നുണകളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. 2000-ൽ സിപിഎം പിന്തുണയോടെ മത്സരിച്ച് ന്യൂമാഹി പഞ്ചായത്തംഗമായ യൂസഫ് ഇപ്പോൾ പാർട്ടി മാറിയതിനെത്തുടർന്ന് മകന്റെ കൊലപാതകികളായ എൻഡിഎഫുകാരെ രക്ഷിക്കാനാണു വ്യാജ പ്രസ്താവനകൾ നടത്തുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം പോലീസുകാർ യൂസഫിന്റെ മൊഴിയെടുത്തിരുന്നു. അന്ന് ഇന്നു പറഞ്ഞതുപോലെ ഒന്നും പറഞ്ഞിട്ടില്ല. 2008 നവംബറിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ട് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുടുംബത്തെ ഏൽപ്പിച്ചപ്പോൾ ഏറ്റുവാങ്ങിയത് യൂസഫും സലീമിന്റെ മകളുമാണ്. അന്ന് മകന്റെ കൊലയാളികൾ സിപിഎമ്മുകാരാണെന്ന് യൂസഫിന് അഭിപ്രായമുണ്ടായിരുന്നില്ല. കേസിന്റെ വിചാരണവേളയിൽ താൻ കോൺഗ്രസിലും 2016ൽ ബിജെപിയുടെ ബൂത്ത് ഏജന്റായും പ്രവർത്തിച്ചിട്ടുണ്ടെന്ന് യൂസഫ് മൊഴി നൽകിയിരുന്നുവെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.