മന്ത്രിതല ചര്‍ച്ച പരാജയം; 27 മുതല്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
Tuesday, January 21, 2025 2:27 AM IST
തിരുവനന്തപുരം: വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആര്.അനിലുമായി റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതേ തുടര്‍ന്ന് 27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍കടകള്‍ അടച്ചിടാന്‍ റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഭരണപക്ഷ റേഷന്‍ വ്യാപാരി സംഘടനകളായ കേരള റേഷന്‍ എംപ്ലോയീസ് യൂണിയനും (സിഐടിയു), കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എഐടിയുസി) സമരത്തില്‍ പങ്കാളികളാകുമെന്ന് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ അറിയിച്ചു.
45 ക്വിന്റല്‍ റേഷന്‍ ഭക്ഷ്യധാന്യം വില്‍ക്കുന്ന വ്യാപാരിക്ക് 18,000 രൂപയാണ് കമ്മീഷന് ഇനത്തില്‍ ലഭിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് 14,000ത്തോളം വരുന്ന വ്യാപാരികളില്‍ ഏഴായിരത്തോളം പേര്‍ക്കും 18,000 രൂപയില്‍ താഴെയാണ് വരുമാനമെന്നും ഈ സാഹചര്യത്തില്‍ 18,000 രൂപ 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു യോഗത്തില്‍ സംഘടനാ നേതാക്കള്‍ ആവശ്യമുയര്‍ത്തിയത്.
അതേസമയം എട്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിശ്ചയിച്ച വേതന പാക്കേജ് പരിഷ്കരിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് തനിക്കും സര്‍ക്കാരിനും ബോധ്യമുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ വേതന വര്‍ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ യോഗത്തില്‍ വ്യക്തമാക്കി.
27 മുതലുള്ള സമരം ജനങ്ങളോടോ സര്‍ക്കാരിനോടോ ഉള്ള വെല്ലുവിളിയല്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള 14,000ത്തോളം വരുന്ന കുടുംബങ്ങളുടെ സഹനസമരമാണെന്നും അതിനാല്‍ കാര്‍ഡുടമകള്‍ സഹകരിക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി ജി. ആര്. അനില്‍. റേഷന്‍ കടകളിലൂടെ പ്രതിമാസം 11,54,000 ക്വിന്റല്‍ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്യുന്നത്.
ഒരു മാസം വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കുന്നതിന് 33.5 കോടിയാണ് ചെലവ്. ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യ വിതരണത്തിനായി വ്യാപാരികള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്ന ശരാശരി കമ്മീഷന് 300 രൂപയാണ്. ഇത് രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന കമീഷന് നിരക്കാണ്.
വ്യാപാരികള്‍ക്ക് കമീഷന് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റിലിന് ഏകദേശം 247 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
വേതന പരിഷ്കരണം എന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയന്തണത്തിലുള്ള ഒരു മേഖലയിലും വേതന പരിഷ്കരണം നടപ്പിലാക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.