മൂന്നാർ വന്യജീവി സങ്കേതത്തിൽ പുതുതായി 24 ജീവികളെ കണ്ടെത്തി
Monday, January 20, 2025 4:46 AM IST
തൊടുപുഴ: മൂന്നാർ വന്യജീവി സങ്കേതത്തിൽ നടത്തിയ കണക്കെടുപ്പിൽ 11 ഇനം പക്ഷികൾ ഉൾപ്പെടെ 24 ജീവികളെ പുതുതായി കണ്ടെത്തി. ഊഷ്മാവ് പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയ ജനുവരിയുടെ ആദ്യവാരം മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ നാലു ദിവസം താമസിച്ച് ഗവേഷകർ നടത്തിയ കണക്കെടുപ്പിലാണ് പുതിയ ജീവികളെ കണ്ടെത്തിയത്. വനംവകുപ്പ്, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്ന സംഘടനയുമായി സഹകരിച്ചാണു കണക്കെടുപ്പ് നടത്തിയത്.
പുതുതായി ഒന്‍പത് ചിത്രശലഭങ്ങളെയും അഞ്ചു തുന്പികളെയും കണ്ടെത്തി. മതികെട്ടാൻചോല, പാന്പാടുംചോല, ആനമുടി, കുറിഞ്ഞിമല വന്യജീവി സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കണക്കെടുപ്പ്. സമുദ്രനിരപ്പിൽനിന്ന് 500 മുതൽ 2,800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽനിന്നാണ് ഗവേഷകർ ഇത്രയും ജീവജാലങ്ങളെ തിരിച്ചറിഞ്ഞത്.
പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഏറ്റവും വലിയ സൂചകങ്ങളായ പക്ഷികൾ, ചിത്രശലഭം, തുന്പി എന്നിവയുടെ സാന്നിധ്യമാണ് പഠനവിധേയമാക്കിയത്. ആകെ 217 പക്ഷികളെ സർവേയിൽ തിരിച്ചറിഞ്ഞു. ഇതിൽ 11 എണ്ണം പുതിയവയാണ്. ഇതോടെ മൂന്നാറിലെ പക്ഷി ഇനങ്ങളുടെ എണ്ണം 258 ആയി. ബ്രൗണ്‍ ഹോക്ക് ഔൾ (പുള്ളുനത്ത്), ബാരെഡ് ബട്ടണ്‍ ക്വയിൽ (പാഞ്ചാലി കാട), പുള്ളി മൂങ്ങ, മോട്ടിൽഡ് വുഡ് ഓൾ (കാലങ്കോഴി), ബയ വീവർ (ആറ്റക്കുരുവി), റെഡ് മുനിയ (കുങ്കുമക്കുരുവി), റിച്ചാർഡ്സ് പിപിറ്റ് (വലിയ വരന്പൻ), ജെർഡൻ ബുഷ്ലാർക്ക് (ചെന്പൻപാടി), ഗോൾഡൻ ഹെഡഡ്സിസ്റ്റിക്കോള (നെൽപൊട്ടൻ), ലാർജ് ഗ്രേ ബാബ്ലർ (ചാരച്ചിലപ്പൻ), ചെസ്റ്റ്നട്ട് ബെല്ലിഡ് നട്ട്ഹാച്ച് (ഗൗളിക്കിളി) എന്നിവയാണ് പുതിയ പക്ഷി ഇനങ്ങൾ.
മൂന്നാർ ചിത്രശലഭങ്ങളാൽ സന്പന്നമാണെന്ന് ഗവേഷകർ പറഞ്ഞു. പുതിയ എട്ടെണ്ണം ഉൾപ്പെടെ 166 ഇനം ചിത്രശലഭങ്ങളെ സർവേയിൽ രേഖപ്പെടുത്തി. ഇതോടെ മൂന്നാറിലെ ചിത്രശലഭ ഇനത്തിന്റെ എണ്ണം 246 ആയി. ചിന്നാറിൽ മാത്രം 148 തരം ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന റെഡ്ഡിസ്ക് ബുഷ്ബ്രൗണ്‍ (തീക്കണ്ണൻ തവിടൻ), പളനി ബുഷ്ബ്രൗണ്‍ (പളനി പൊന്തത്തവിടൻ), പളനി ഫ്രിറ്റിലറി (പളനി ചോലത്തെയ്യൻ), പളനി ഫോർ റിംഗ് (പളനി നാൽക്കണി), നീലഗിരി ഫോർ റിംഗ് (നീലഗിരി നാൽക്കണി), നീലഗിരി ക്ലൗഡഡ് യെല്ലോ (പീതാംബരശലഭം), നീലഗിരി ടൈഗർ (നീലഗിരി കടുവ) എന്നീയിനങ്ങളെ ഇവിടെയും കാണാനായെന്ന് ഗവേഷകർ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ചെറിയ ചിത്രശലഭമായ ഗ്രാസ്ജ്യുവൽ ചിന്നാറിൽ ഏറെയുണ്ടായിരുന്നു. ഏറ്റവും വലിയ ഇന്ത്യൻ ചിത്രശലഭമായ സതേണ്‍ ബേർഡ് വിംഗ് (ഗരുഡ ശലഭം) പരിശോധന നടത്തിയ ഭൂരിഭാഗം ഇടങ്ങളിലും കണ്ടെത്താനായി.
അഞ്ചു പുതിയ കണ്ടെത്തലുകളോടെ 33 തുന്പികളെ തിരിച്ചറിഞ്ഞു. ഇതോടെ ആകെ തുന്പി ഇനങ്ങളുടെ എണ്ണം 58 ആയി.
താഴ്ന്ന പ്രദേശങ്ങളിൽ സാധാരണ കാണുന്ന ക്രാറ്റില്ല ലീനിയാറ്റ കാൽവെർട്ടി (കാട്ടു പതുങ്ങൻ), മാക്രോഡിപ്ലാക്സ് കോറ (പൊഴിത്തുന്പി), പാൽപോപ്ലൂറസെക്സ്മാക്യുലേറ്റ (നീല കുറുവാലൻ), തോളിമിസ് ടില്ലാർഗ (പവിഴ വാലൻ), ലെസ്റ്റെസ് എലാറ്റസ് ഹേഗൻ ഇൻ സെലിസ് (പച്ച ചേരാച്ചിറകൻ) എന്നിവയാണ് പുതിയതായി കണ്ടെത്തിയത്. മൂന്നാർ വന്യജീവി സങ്കേതത്തിലെ പുതിയ കണ്ടെത്തലുകൾ ആശാവഹമാണെന്നും ശാസ്ത്രീയ രീതിയിൽ തുടർസർവേ നടത്തുമെന്നും വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു.
കഠിനമായ ശൈത്യകാലം ജന്തുജാലങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും മൂന്നാറിൽ ജീവിവർഗ വൈവിധ്യം മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നതായി സർവേയ്ക്ക് നേതൃത്വം നൽകിയ ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ പറഞ്ഞു.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ നിതിൻ ലാൽ, കെ.കെ. അനന്തപത്മനാഭൻ, പി. രാജശേഖരൻ, ജ്യോതി കൃഷ്ണ, കണ്‍സർവേഷൻ ബയോളജിസ്റ്റ് ഡോ. കെ.പി. രാജ്കുമാർ എന്നിവർ നേതൃത്വം നൽകി. ബിഎസ്ബി തൃശൂർ, ടിഎൻബിഎസ് കോയന്പത്തൂർ, ഗ്രീൻക്യാപ്സ് തൃശൂർ, ഗ്രീൻ റൂട്ട്സ് ആലപ്പുഴ, സ്ടിയർ നിലന്പൂർ, ഡബ്ല്യൂബിഎ നീലഗിരിസ്, ബിബിസി ബംഗളൂരു, സീക് കണ്ണൂർ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ സർവേയിൽ പങ്കെടുത്തു.