സി.പി. പോൾ ചുങ്കത്ത്: തങ്കനൂലുകെട്ടിയ സഫലജീവിതം
ഡേവിസ് പൈനാടത്ത്
Monday, January 20, 2025 5:13 AM IST
തൃശൂർ: ഒരു നാടിന്റെ സുകൃതചരിത്രത്തിലേക്കു സ്വന്തം ജീവിതത്തിന്റെയും വ്യാപാരവിജയത്തിന്റെയും സത്യകഥകൾകൂടി സ്വർണനൂലുകളാൽ കോർത്തുകെട്ടി സി.പി. പോൾ ചുങ്കത്ത് ഒരു പുസ്തകമെഴുതി - ‘നന്മനിറഞ്ഞ ചാലക്കുടി - എന്റെ സുവർണസ്മരണക’. 2023ൽ പുറത്തുവന്ന ആത്മകഥാപരമായിരുന്ന രചന പ്രചോദനാത്മകവുമായിരുന്നു.
വന്ന വഴികളിലെല്ലാം സത്യത്തിന്റെ വെളിച്ചമാണ് തന്നെ വഴിനടത്തിയതെന്നും മുറുകെപ്പിടിച്ച മൂല്യങ്ങളാണ് പത്തരമാറ്റായി ഒപ്പമുള്ളതെന്നും അധ്വാനത്തിന്റെ വിയർപ്പുതുള്ളികളും വിശ്വാസത്തിന്റെ ഊർജവും സമൃദ്ധമായ ദൈവാനുഗ്രഹവുമാണ് തന്റെ വിജയത്തിനു കരുത്തായതെന്നും പോളേട്ടൻ ആമുഖത്തിൽ കുറിച്ചു. വ്യാപാരവിജയത്തിനൊപ്പം നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസരംഗത്തും നേതൃനിരയിൽ തിളങ്ങിനിന്നിരുന്നു എന്നും പോളേട്ടൻ. സീനിയർ ഡയറക്ടർ എന്ന നിലയിൽ രാഷ്ട്രദീപിക കന്പനിക്കും പതിനേഴുവർഷത്തോളം അദ്ദേഹത്തിന്റെ നേതൃപാടവം തണലായി.
പഴക്കവും പാരന്പര്യവുമുള്ള ചുങ്കത്ത് തറവാട്ടിലെ കാരണവൻമാരിൽനിന്നു പൈതൃകമായി പകർന്നുകിട്ടിയ ഇച്ഛാശക്തിയും കൃത്യനിഷ്ഠയും, ഏതു പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസവും പോളേട്ടന് എന്നും കരുത്തായിരുന്നു. ഇടപാടുകളിലെ സുതാര്യതയും വിശ്വസ്തതയും കാക്കുന്നതിൽ ജാഗരൂകനായിരുന്നു എന്നും അദ്ദേഹം. സ്വർണവ്യാപാരരംഗത്തെ വിജയഗാഥയുടെ രഹസ്യവും മറ്റൊന്നല്ല.
ഗുരുവായൂരിനടുത്ത കോട്ടപ്പടിയിലാണ് ജനനം. ഒരു പവൻ സ്വർണത്തിന് ഒന്പതുരൂപ മാത്രം വിലയുള്ള കാലത്ത് (1914) ചെറിയതോതിൽ സ്വർണക്കച്ചവടം തുടങ്ങിവച്ചതാണ് പോളേട്ടന്റെ പിതാമഹൻ ചുങ്കത്ത് ലാസർ. പിതാവ് പാവുണ്ണിയിലൂടെ കുടുംബബിസിനസായി മാറിയ സ്വർണവ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1959ൽ ചാലക്കുടിയിലേക്കു താമസംമാറ്റിയതാണ് പോൾ ചുങ്കത്ത്. സഹോദരീഭർത്താവിന്റെ താത്പര്യപ്രകാരം ചാലക്കുടിയിൽ തുടക്കമിട്ട സ്ഥാപനത്തിന്റെ പാർട്ണറായി. കടയുടെ പേര് പി.ഐ. ജോസഫ് ആൻഡ് സി.പി. പോൾ ജ്വല്ലേഴ്സ്. പിന്നീടതു ചുങ്കത്ത് ജ്വല്ലറിയായി.
നായകന്റെ നയപരമായ ഇടപെടലും വ്യാപാരതന്ത്രങ്ങളും ചുങ്കത്ത് ജ്വല്ലറിയെ സ്വർണവ്യാപാരരംഗത്തെ അനിഷേധ്യനാമമായി വളർത്തിയ ദശാബ്ദങ്ങളായിരുന്നു പിന്നീട്. പത്തോളം ശാഖകളിലേക്കു സ്ഥാപനം വളർന്നു. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും ബിസിനസ് വിപുലീകരിച്ചു. ആയിരത്തിൽപരംപേർ ജോലിചെയ്യുന്ന ചുങ്കത്ത് ഗ്രൂപ്പിന്റെ അമരക്കാരനായി തലയെടുപ്പോടെ പോളേട്ടൻ നിന്നു.
ചാലക്കുടിയിൽ തനിക്കു ലഭിച്ച സ്വീകാര്യതയും അംഗീകാരവും വളമാക്കി നിരന്തരപരിശ്രമങ്ങളിലൂടെ സ്വർണവ്യാപാരരംഗത്തു സ്വന്തമായി ഒരു രാജപാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. കരുത്തായി മക്കളായ രാജീവും രഞ്ജിത്തും രംഗത്തുവന്നതോടെ വളർച്ച വേഗത്തിലായി. പുത്തൻവ്യാപാരതന്ത്രങ്ങളിലൂടെ തന്റെ പ്രസ്ഥാനത്തെ പ്രതാപത്തിലെത്തിച്ച് വലിയൊരു വ്യാപാരശൃംഖല പിൻഗാമികൾക്കു കൈമാറിയാണ് പോളേട്ടന്റെ വിടവാങ്ങൽ. കേന്ദ്രസർക്കാരിന്റെ സ്വർണാഭരണ മൂല്യനിർണയ പാനലിൽവരെ അംഗമായിരുന്നു.
വ്യാപാരരംഗത്തുമാത്രമായിരുന്നില്ല പോളേട്ടന്റെ നേതൃപാടവം തെളിഞ്ഞുകണ്ടത്. ചാലക്കുടിയുടെ നന്മനിറഞ്ഞ സംസ്കാരത്തോട് ഇഴുകിച്ചേർന്നു പ്രവർത്തിച്ചിരുന്ന പോളേട്ടൻ, നാട്ടിലെ കലാ സാംസ്കാരിക കായിക വിദ്യാഭ്യാസ മേഖലയിൽ നേതൃനിരയിൽതന്നെ ഉണ്ടായിരുന്നു. നാടിന്റെ ആരോഗ്യപരിപാലനമേഖലകളിൽ, വിദ്യാഭ്യാസരംഗത്തെ വളർച്ചയിൽ, വ്യാപാരസംസ്കാരത്തിന്റെ മുൻപന്തിയിൽ, കലാ സാംസ്കാരിക മേഖലകളിൽ, കാരുണ്യപ്രവർത്തനമേഖലയിൽ, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ... എവിടെയും സി.പി. പോൾ ചുങ്കത്തിന്റെ കൈയൊപ്പു പതിഞ്ഞിരുന്നു.
ഇതിനിടയിലാണ് രാഷ്ട്രദീപിക ലിമിറ്റഡിന്റെ ഓഹരിഎടുക്കുന്നതും ഡയറക്ടർ ബോർഡ് അംഗമായതും. ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം ഷോറൂമിന്റെ ചുമതല വഹിക്കുന്ന മകൻ രാജീവ് പോളിന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലുമായുള്ള അടുപ്പമാണ് അതിനു നിമിത്തമായതെന്ന് പോളേട്ടൻ പറയും. കൊല്ലത്തു സീറോമലബാർ സഭയ്ക്ക് ഒരു ഇടവകപ്പള്ളി സ്ഥാപിക്കാൻ രാജീവ് പോളിന്റെ ഇടപെടൽ ഏറെ സഹായകമായിരുന്നു. അങ്ങനെ ചങ്ങനാശേരി അതിരൂപതയുമായും മാർ പവ്വത്തിലുമായും അടുത്ത് ഇടപെടുവാൻ അവസരമുണ്ടായി.
പവ്വത്തിൽ പിതാവിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രദീപിക കന്പനിയുടെ ഡയറക്ടറാവുന്നത്. കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറെ ദീപികയ്ക്കു കരുത്തേകാൻ സി.പി. പോൾ ചുങ്കത്തിന്റെ നേതൃപാടവംകൂടിയുണ്ടായിരുന്നു. ദീപിക ചിൽഡ്രൻസ് ലീഗിന്റെ സ്ഥാപക ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ഫോണിലും നേരിലും സ്നേഹാർദ്രശബ്ദമായിരുന്ന പോളേട്ടനു ദീപികയുടെ കൂപ്പുകൈ.
സി.പി. പോളിന്റെ വേർപാട് വലിയ നഷ്ടം
കോട്ടയം: സി.പി. പോൾ ചുങ്കത്തിന്റെ വേർപാട് രാഷ്ട്രദീപിക കമ്പനിക്ക് വലിയ നഷ്ടമാണെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ദീർഘവീക്ഷണവും വിലപ്പെട്ടതായിരുന്നു. ദീപികയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അനുസ്മരിച്ചു.