ധനകാര്യ കമ്മീഷന്റെ സന്ദർശനം: മൂന്നു ദിവസത്തെ ചെലവ് ഒരു കോടി!
സ്വന്തം ലേഖകൻ
Monday, January 20, 2025 5:13 AM IST
തിരുവനന്തപുരം: ധനകാര്യ കമ്മീഷന്റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോൾ ഇവരുടെ താമസം, ഭക്ഷണം, മറ്റു ചെലവുകൾ എന്നിവയ്ക്കായി ഒരു കോടി രൂപ ചെലവായെന്നാണ് സംസ്ഥാന ധന വകുപ്പിന്റെ കണക്ക്. പണം ആവശ്യപ്പെട്ട് ധനകാര്യ അക്കൗണ്ട്സ് വിഭാഗം ബജറ്റ് വിംഗിന് കഴിഞ്ഞ 15ന് ഫയൽ കൈമാറിയിരുന്നു. തൊട്ടടുത്ത ദിവസം ബജറ്റ് വിംഗിൽനിന്ന് ഒരു കോടി രൂപ അധിക ഫണ്ടായി അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബർ എട്ടു മുതൽ 10 വരെയാണ് കമ്മീഷൻ അധ്യക്ഷനും അംഗങ്ങളും കേരളം സന്ദർശിച്ചത്. 15-ാം ധനകാര്യ കമ്മീഷൻ അംഗമായിരുന്ന അജയ് നാരായണ് ഝാ, കേന്ദ്രത്തിലെ മുൻ ധനവിനിയോഗ സ്പെഷൽ സെക്രട്ടറി ആനി ജോർജ് മാത്യു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ മനോജ് പാണ്ഡെ, എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ.
എട്ടിന് സംഘം കോട്ടയം കുമരകത്തെത്തി. 10ന് രാവിലെ തിരുവനന്തപുരം കോവളത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്നു നിവേദനം നൽകി. ഉച്ചയ്ക്കുശേഷം രാഷ്ട്രീയകക്ഷി പ്രതിനിധികളും വ്യാപാരി- വ്യവസായി പ്രതിനിധികളുമായി ചർച്ച നടത്തി. കേന്ദ്രസംഘത്തിന് മുഖ്യമന്ത്രി അത്താഴവിരുന്നും ഒരുക്കിയിരുന്നു.
കേരളത്തിനുള്ള കേന്ദ്രസർക്കാർ നികുതിവിഹിതം വർധിപ്പിക്കണമെന്നും കടമെടുപ്പു പരിധി ഉയർത്തണമെന്നുമായിരുന്നു ധനകാര്യ കമ്മീഷനോട് സംസ്ഥാനസർക്കാർ അഭ്യർഥിച്ചത്. നികുതിവിഹിതം ഉയർത്തണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് ധനകാര്യ കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ, കടമെടുപ്പു പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം ധനകമ്മീഷൻ തള്ളിയിരുന്നു.