കെപിസിസി പുനഃസംഘടന: ചർച്ചകൾ നീട്ടിക്കൊണ്ടുപോകരുതെന്നു കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി
Monday, January 20, 2025 5:01 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പാർട്ടി വേഗത്തിൽ സജ്ജമാകണമെന്നും ഈ സാഹചര്യത്തിൽ കെപിസിസി പുനഃസംഘടനാ ചർച്ചകൾ നീട്ടിക്കൊണ്ടു പോകരുതെന്നും കോണ്ഗ്രസ് രാഷ്ട്രീയ കാര്യസമിതിയിൽ അഭിപ്രായം. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള അനവസരത്തിലെ ചർച്ചയെയും യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും വിമർശിച്ചു.
ആവശ്യമില്ലാത്ത സമയത്ത് ഇത്തരം ചർച്ചകൾ ഉയർന്നുവരുന്നത് തെറ്റായ സന്ദേശങ്ങൾ നല്കുമെന്നും ഇത് പ്രവർത്തകരെ നിരാശരാക്കുമെന്ന അഭിപ്രായവും ഇന്ദിരാഭവനിൽ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്നു. മുതിർന്ന കോണ്ഗ്രസ് നേതാവ് പി.ജെ. കുര്യൻ ഉൾപ്പെടെയുള്ളവർ, അനവസരത്തിലുള്ള മുഖ്യമന്ത്രിച്ചർച്ചയെ വിമർശിച്ചു.
ഒറ്റക്കെട്ടായി യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും സമിതിയിൽ അഭിപ്രായം ഉയർന്നു. കെപിസിസി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണം. അതനുസരിച്ച് നടപടികൾ വേഗത്തിലാക്കണം. രാഷ്ട്രീയ കാര്യസമിതി യോഗം മാസത്തിൽ ഒരുവട്ടം ചേരണമെന്ന അഭിപ്രായം ഇന്നലത്തെ യോഗത്തിൽ ഉയർന്നു.
താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു വേണം നേതാക്കൾ പ്രവർത്തിക്കേണ്ടതെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും സംയുക്തമായി പത്രസമ്മേളനവും നടത്തും.