സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷ കാത്ത് 35 പേര്
Tuesday, January 21, 2025 2:27 AM IST
എം. സുരേഷ്ബാബു
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ തൂക്കുകയര്‍ കാത്തു കഴിയുന്നത് 35 പേര്. ഇതില്‍ ഷാരോണ്‍രാജ് വധക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഗ്രീഷ്മ ഉള്‍പ്പെടെ രണ്ടു വനിതകള്‍. പ്രായം കുറഞ്ഞ വനിതയും ഗ്രീഷ്മയാണ്.
നിലവില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന രണ്ടു വനിതകളെയും ശിക്ഷിച്ചത് ഒരേ കോടതിയും ഒരേ ജഡ്ജിയുമാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള രണ്ടുവനിതകള്ക്കും വധശിക്ഷ വിധിച്ചത്.
2022 ല്‍ വിഴിഞ്ഞം സ്വദേശിയായ ശാന്തകുമാരിയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ കോവളം സ്വദേശി റഫീക്ക ബീവിക്കാണു നേരത്തെ നെയ്യാറ്റിന്‍കര കോടതി വധശിക്ഷ വിധിച്ചത്. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് റഫീക്കബീവി തടവില്‍ കഴിയുന്നത്. ഗ്രീഷ്മയെയും ഇവിടെയാണു പാര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്ത്രീ കൊല്ലം സ്വദേശിയായ ബിനിതയായിരുന്നു. 2006ല്‍ വിധുകുരമാരന് തമ്പിയെ കൊലപ്പെടുത്തിയ കേസില്‍ ഇവരെ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നീട് അപ്പീലില്‍ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 23 തടവുകാരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലു പേരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലു പേരും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ രണ്ടു പേരും അട്ടക്കുളങ്ങര വനിതാ ജയിലില്‍ രണ്ടുപേരും ഉള്‍പ്പെടെ 35 തടവുകാരാണ് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് ജയിലുകളില്‍ കഴിയുന്നത്.
കോട്ടയത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ ബംഗ്ലാദേശ് സ്വദേശി, ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാം, ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി അസ്ഹാക്ക് ആലം, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേര് ഉള്‍പ്പെടെയുള്ളവരെയാണ് വിചാരണ കോടതികള്‍ വധശിക്ഷയ്ക്കു വിധിച്ചത്.
കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമരങ്ങള്‍ ഉള്ളത്. 1991 ലാണ് അവസാനമായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ റിപ്പര്‍ ചന്ദ്രന് എന്നയാളെയാണ് തൂക്കിലേറ്റിയത്. 14 പേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു കോടതി ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ 1974 ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കളിയിക്കാവിള സ്വദേശി ദുര്‍മന്ത്രവാദിയായ അഴകേശനെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനു വേണ്ടി നിരവധി കുട്ടികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അഴകേശന്റെ വധശിക്ഷ നടപ്പാക്കിയത്.