അല്മായ നേതൃത്വം കാലത്തിന്റെ അനിവാര്യത: മാര്‍ ആലഞ്ചേരി
Monday, January 20, 2025 4:46 AM IST
കൊച്ചി: സമുദായത്തിന്റെ സമഗ്ര മുന്നേറ്റത്തിനും ശക്തീകരണത്തിനും അല്മായ നേതൃത്വം അനിവാര്യതയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച ‘എംപവര്‍’ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
സഭയെയും സമുദായത്തെയും ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന പങ്കാളിത്ത ശുശ്രൂഷയാണ് അല്മായ നേതൃത്വത്തിന്റെ മുഖമുദ്ര. ഇന്നിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് സമുദായശക്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന് കഴിയണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്ത ക്യാമ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് ബുള്ളറ്റിൻ ‘എകെസിസി വോയ്സ്’ മാര്‍ ആലഞ്ചേരി പ്രകാശനം ചെയ്തു. ‘മുനമ്പത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഫാ. ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തി.