കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ക്രൈസ്തവ ഐക്യപ്രാര്ഥന
Tuesday, January 21, 2025 2:27 AM IST
കടുത്തുരുത്തി: സീറോമലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്റെയും കെസിസിയുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ക്രൈസ്തവ ഐക്യ പ്രാര്‍ഥന നടക്കും.
ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാര്‍ഥനാവാരം കേരളത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് സീറോമലബാര്‍ സഭയുടെ ആതിഥേയത്വത്തില്‍ ക്രൈസ്തവ ഐക്യ പ്രാര്‍ഥന നടത്തുന്നത്.
ആറാം ദിവസത്തെ പ്രാര്‍ഥനയാണ് വ്യാഴാഴ്ച വൈകുന്നേരം ആറിന് കടുത്തുരുത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത്. എഡി 325ല്‍ നിഖ്യായില്‍ നടന്ന ആദ്യക്രൈസ്തവ എക്യുമെനിക്കല്‍ സൂനഹദോസിന്റെ 1700 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 2025ലെ പ്രാര്‍ഥനാവാരം.
17 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സഭകളെല്ലാം പൂര്‍ണ ഐക്യത്തിലായിരുന്നു. നാലു നൂറ്റാണ്ടിന്റെയും മലങ്കരയിലെ മാര്‍ത്തോമാ നസ്രാണി സമുദായം 17 നൂറ്റാണ്ടുകള്‍ ഒരൊറ്റ ജാതിയായിരുന്നതിന്റെയും ഓര്‍മകള്‍ പുതുക്കുകയും പ്രാര്‍ഥനയിലൂടെയും പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ക്രൈസ്തവ ഐക്യത്തിനായി പരിശ്രമിക്കുകയും ചെയ്യുകയെന്നതാണ് കടുത്തുരുത്തിയിലെ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ക്രൈസ്തവ ഐക്യ പ്രാര്‍ഥനയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.
സീറോമലബാര്‍ സഭ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാൻ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
മൂവാറ്റുപുഴ ഭദ്രാസന മുന്‍ അധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി ഭദ്രാസന അധ്യക്ഷനുമായ ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന അധ്യക്ഷന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ്, മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന അധ്യക്ഷനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാര്‍ ഫിലക്സിനോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തും യുകെയിലേക്കും അയര്‍ലണ്ടിലേക്കുമുള്ള പാത്രിയര്‍ക്കീസിന്റെ വികാരിയുമായ മാത്യൂസ് മാര്‍ അന്തിമോസ്, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദേവലോകം അരമനയിലെ റവ. യാക്കോബ് റമ്പാച്ചന്, മലബാര്‍ സ്വതന്ത്ര സുറിയാനി-തൊഴിയൂര്‍ സഭയിലെ റവ. സ്കറിയ ചീരനച്ചന് തുടങ്ങിയവര്‍ പ്രസംഗിക്കും.