സി.പി. പോൾ ചുങ്കത്ത് അന്തരിച്ചു
Monday, January 20, 2025 5:13 AM IST
ചാലക്കുടി: ചുങ്കത്ത് ജ്വല്ലറി ഗ്രൂപ്പ് ചെയർമാനും രാഷ്ട്രദീപിക ലിമിറ്റഡ് സീനിയർ ഡയറക്ടറും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവസാന്നിധ്യവുമായിരുന്ന സി.പി. പോൾ ചുങ്കത്ത് (83) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ ലില്ലി മേലൂർ ഉപ്പുട്ടുങ്ങൽ തെക്കൻ കുടുംബാംഗം. മക്കൾ: രാജി, രാജീവ്, രഞ്ജിത്ത്, രേണു. മരുമക്കൾ: ഡോ. ടോണി തളിയത്ത് വരാപ്പുഴ, അനി രാജീവ് ആലപ്പാട്ട് തൃശൂർ, ഡയാന ആലപ്പാട്ട് പാലത്തിങ്കൽ തൃശൂർ, അഭി ഡേവിഡ് കാട്ടൂക്കാരൻ മണലൂർ.
1941 നവംബർ 14ന് ഗുരുവായൂരിനടുത്തു കോട്ടപ്പടിയിൽ ചുങ്കത്ത് പാവുണ്ണി - കുഞ്ഞന്നം ദന്പതികളുടെ മകനായി ജനിച്ചു. ചുങ്കത്ത് തറവാടിന്റെ പാരന്പര്യതൊഴിലായിരുന്നു സ്വർണവ്യാപാരം. കുടുംബ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 1959ൽ ചാലക്കുടിയിലേക്കു താമസംമാറ്റുന്നത്.
ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്, ചാലക്കുടി സോഷ്യൽ വെൽഫെയർ സൊസൈറ്റി, യുണൈറ്റഡ് കുറീസ്, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ട്രസ്റ്റ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ചുങ്കത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എന്ന നിലയിലും ജീവകാരുണ്യ പ്രവർത്തനമേഖലയിലും ഏറെ സജീവമായിരുന്നു. ദീപിക ചിൽഡ്രൻസ് ലീഗ് സ്ഥാപക ട്രസ്റ്റിയാണ്.