വിധി അംഗീകരിക്കുന്നു; നന്ദി: ഷാരോണിന്റെ കുടുംബാംഗങ്ങള്‍
Tuesday, January 21, 2025 2:27 AM IST
നെയ്യാറ്റിന്‍കര: കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ച വിധിയാണിതെന്നും ഷാരോണിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ആദ്യമേ പോലീസിന് നല്കുകയുണ്ടായി. പോലീസും പരമാവധി തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണ സംഘം തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. അതേസമയം, പാറശാല പോലീസിന്റെ ഭാഗത്തുനിന്നും ആദ്യം അത്ര അനുകൂലമായിരുന്നില്ല അന്വേഷണം.
പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ പാറശാല പോലീസും കേസില്‍ തങ്ങള്‍ക്ക് വേണ്ട പിന്തുണ നല്കി. ജന്മനാ കുറ്റവാളി എന്നാണ് ഗ്രീഷ്മയെ കോടതിയില്‍ കാണുന്പോള്‍ തോന്നിയിട്ടുള്ളത്. ഷാരോണിനോടുള്ള പ്രണയം വിശ്വസിപ്പിക്കാന്‍ ഗ്രീഷ്മയ്ക്ക് കഴിഞ്ഞു. പക്ഷെ, അവളുടെ ചതി തിരിച്ചറിയാന്‍ ഷാരോണിനായില്ലായെന്നും ഷാരോണിന്റെ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ കൂട്ടിച്ചേര്‍ത്തു.
സംഭവദിവസമായ 2022 ഒക്ടോബർ 14ന് രാവിലെ ഗ്രീഷ്മയുടെ വീട്ടില്‍ പോകുന്നുവെന്ന വിവരം ഷാരോണ്‍ സഹോദരനെ ഫോണില്‍ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ തിരികെ വീട്ടിലെത്തി. ക്ഷീണിതനായിരുന്ന ഷാരോണ്‍ പല തവണ ഛര്‍ദ്ദിച്ചു. വൈകുന്നേരമായിട്ടും അവശത തുടര്‍ന്നതിനാല്‍ പാറശാല ഗവ. ആശുപത്രിയില്‍ കൊണ്ടുപോയി.
ആന്തരിക രക്തസ്രാവമുണ്ടെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പരിശോധനയെത്തുടര്‍ന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രൂട്ടി കഴിച്ചുവെന്നായിരുന്നു ഷാരോണ്‍ പറഞ്ഞിരുന്നത്. കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിശോധനഫലം ലഭിച്ചതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഷാരോണിന്റെ സുഹൃത്ത് റജിനെ വിളിച്ച് തിരക്കി.
ഷാരോണിന് ഗ്രീഷ്മ കഷായം നല്കിയതും വീട്ടില്‍ വരുന്നതിനു മുന്‍പ് ഛര്‍ദ്ദിച്ചതും ഗ്രീഷ്മ ചതിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ റജിന് പങ്കുവച്ചു.
അതിനിടയില്‍ ഷാരോണിനെ മള്‍ട്ടി സ്പെഷാലിറ്റി ഐസിയുവിലേയ്ക്ക് മാറ്റി. മാരകവിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന നിഗമനം ഡോക്ടര്‍മാര്‍ ഷാരോണിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. റജിനില് നിന്നും അറിഞ്ഞ കാര്യങ്ങള്‍ ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ അവര്‍ പോലീസിന് വിവരം കൈമാറി. 20ന് മജിസ്ട്രേറ്റ് എത്തി ഷാരോണിന്റെ മൊഴിയെടുത്തു.
മജിസ്ട്രേറ്റിനോട് ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ പോയതും കഷായം കുടിച്ചതുമായ കാര്യങ്ങള്‍ പറഞ്ഞു. അതില്‍ വിഷമുണ്ടോ എന്നും ആര്‍ക്കെങ്കിലും എതിരേ പരാതിയുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇല്ലായെന്നായിരുന്നു ഷാരോണിന്റെ മറുപടി.
22ന് രാവിലെ ഐസിയുവില്‍ മകനെ കാണാന്‍ ചെന്ന പിതാവിനോട് ഷാരോണ്‍ ആദ്യം പറഞ്ഞത് താന്‍ മരിക്കും എന്നായിരുന്നു. ശ്വസിക്കാന്‍ വല്ലാതെ പാടുപെടുന്നതിനിടയിലും ഗ്രീഷ്മയുടെ വീട്ടില്‍ പോയതും കഷായം കുടിച്ചതും അതില്‍ വിഷം ചേര്ത്തിട്ടുണ്ടാകുമെന്നതുമൊക്കെ ഷാരോണ്‍ വ്യക്തമാക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
“വെല്ലുവിളി നിറഞ്ഞ കേസ്”
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഷാരോണ്‍ കൊലപാതകക്കേസ് എന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രൂരമായ കൊലപാതകത്തിന് ആവശ്യമായ മുന്നൊരുക്കം ഗ്രീഷ്മ അതീവ ജാഗ്രതയോടെയാണ് ചെയ്തത്.
പോലീസിന്റെ സമര്‍ഥമായ നീക്കങ്ങളും ശാസ്ത്രീയമായ കണ്ടെത്തലുകളും പ്രോസിക്യൂഷന് സഹായകമായി. മുന്‍പും ഒരു തവണ ഷാരോണിന് ജ്യൂസില്‍ അറുപതോളം പാരസെറ്റമോള്‍ ഗുളികകള്‍ കലക്കി കൊടുത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് അത് തുപ്പിക്കളഞ്ഞ് ഷാരോണ്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 586 പേജുകളുള്ള ശിക്ഷാവിധിയില്‍ ജഡ്ജി വിശദമായി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂസലില്ലാതെ ഗ്രീഷ്മ; കൂകിവിളിച്ച് കാഴ്ചക്കാര്‍
ശിക്ഷാവിധി കേട്ടപ്പോഴും കോടതിയില്‍നിന്ന് പുറത്തേയ്ക്ക് പോലീസ് വാനിലേയ്ക്ക് കയറ്റി ജയിലിലേയ്ക്ക് കൊണ്ടുപോകുന്പോഴും ഗ്രീഷ്മയുടെ മുഖത്ത് തികഞ്ഞ നിര്‍വികാരതയായിരുന്നു. കോടതി മുറിയില്‍ വധശിക്ഷാവിധി ജഡ്ജി പ്രസ്താവിച്ചപ്പോള്‍ പലരും ഗ്രീഷ്മയുടെ മുഖത്തേയ്ക്കാണ് നോക്കിയത്.
വിധി അങ്ങനെയാണെന്ന് പ്രതീക്ഷിച്ച മട്ടായിരുന്നു ആ മുഖത്ത്. പിന്നീട് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലിലേയ്ക്ക് കൊണ്ടുപോകാനായി പുറത്ത് വാനിലേയ്ക്ക് കയറുന്പോഴും വനിതാ പോലീസുകാര്‍ക്കൊപ്പം ഇരിക്കുന്പോഴും ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല.
പോലീസ് ജീപ്പിന്റെ പിന്നാലെ പ്രതിയേയും കൊണ്ട് വാന്‍ കോടതി വളപ്പില്‍നിന്നു പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ആ പരിസരത്ത് തടിച്ചു കൂടിയിരുന്ന കാഴ്ചക്കാര്‍ ഉറക്കെ കൂകി വിളിച്ചു.