വൈദികന്റെ അപകടമരണം: ഇന്‍ഷ്വറന്‍സ് തുക കോൺഗ്രിഗേഷന് ലഭിക്കില്ലെന്ന് കോടതി
Tuesday, January 21, 2025 2:27 AM IST
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച വൈദികന്റെ അപകട ഇന്‍ഷ്വറന്‍സ് തുക കൈപ്പറ്റാനുള്ള അവകാശം കോൺഗ്രിഗേഷന് ഉണ്ടാകില്ലെന്ന് ഹൈക്കോടതി.
ഫാ. ടോം കളത്തിലിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റിന് 13.19 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച തൊടുപുഴ എംഎസിടി കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റീസ് സി. പ്രതീപ്കുമാറിന്റെ ഉത്തരവ്.
സന്യസ്തര്‍ മരിച്ചാല്‍ ഇന്‍ഷ്വറന്‍സ് തുക അവകാശപ്പെടുന്ന കാര്യത്തില്‍ അടുത്ത ബന്ധുക്കള്‍ക്കുള്ള അധികാരം സഭയ്ക്ക് ലഭ്യമാകില്ലെന്ന് ഡിവിഷന്‍ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച വിധിയും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നല്കിയ അപ്പീലാണ് കോടതി അനുവദിച്ചത്. 2013 ഏപ്രില്‍ 16ന് ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ബൈക്കില്‍ ലോറിയിടിച്ചാണ് ഫാ. ടോം മരിച്ചത്.