കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
Tuesday, January 21, 2025 2:27 AM IST
കോഴിക്കോട്: ഒന്നരവയസുള്ള സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയെ വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ തയ്യില്‍ ശ്രീകുറുമ്പ അമ്പലത്തിനു സമീപത്തെ ശരണ്യ വത്സരാജാണ് (22) വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.
കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം. റിമാൻഡ് കാലയളവ് കഴിഞ്ഞ് ജാമ്യത്തിലായിരുന്നു പ്രതി ശരണ്യ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നാണു ജാമ്യവ്യവസ്ഥ. ചെന്നൈയിലായിരുന്നു താമസം. ഇന്നലെ തളിപ്പറമ്പ് കോടതിയിൽ കേസ് ലിസ്റ്റ് ചെയ്തിരുന്നു.
ഹാജരാകാനായി ശരണ്യ ട്രെയിൻ മാർഗം കോഴിക്കോട്ടെത്തുകയും റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തു. രാവിലെ ആറിനു കണ്ണൂരിലേക്കു പോകാനായി റെയിൽവേ സ്റ്റേഷനിലെത്തി.
അപ്പോഴാണു റെയിൽവേ സ്റ്റേഷനിലുള്ളവർ അവശനിലയിൽ ശരണ്യയെ കണ്ടത്. വിവരം തിരക്കിയവരോട്, വിഷം കഴിച്ചു എന്ന് ശരണ്യ പറഞ്ഞു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു.
നിലവിൽ ചികിത്സയിലുള്ള ശരണ്യയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാനാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ശരണ്യയുടെ ക്രൂരകൃത്യം.
ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തേ മുതല്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ, മറ്റൊരു ബന്ധത്തിലായ ശരണ്യ കാമുകനായ നിധിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അച്ഛന്റെ നേര്‍ക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും പോലീസ് സത്യം തെളിയിക്കുകയായിരുന്നു.