സദ്ഗമയ 25 ഏഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് 22 മുതൽ വാഴൂരിൽ
Monday, January 20, 2025 5:01 AM IST
പൊൻകുന്നം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ സർഗാത്മകതയും ക്രിയാശേഷിയും പ്രദർശിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ആദ്യമായി ഭിന്നശേഷി മികവുത്സവം - സദ്ഗമയ 25 ഏഞ്ചൽസ് എബിലിറ്റി ഫെസ്റ്റ് 22 മുതൽ 26 വരെ വാഴൂർ ചെങ്കൽ 19ാം മൈൽ ഏഞ്ചൽസ് വില്ലേജിൽ നടത്തുമെന്നു ഏഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള വീ കെയർ സെന്റർ, ഏഞ്ചൽസ് വില്ലേജ്, സ്പെഷൽ സ്കൂളുകളുടെ സംസ്ഥാന സംഘടനയായ അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസേബിൾഡ്, എക്സെപ്ഷണൽ ലേണിംഗ്, കുട്ടിക്കാനം മരിയൻ കോളജ്, ചങ്ങനാശേരി അസംപ്ഷൻ കോളജ്, പാമ്പാടി സെയിന്റ്ഗിറ്റ്സ് കോളജ്, കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പ്രോ ലൈഫ് എന്നിവയുടെ നേതൃത്വത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, രക്ഷിതാക്കളുടെ സംഘടനയായ പിഎഐഡി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
22ന് രാവിലെ 10.30ന് പൊൻകുന്നം തിരുഹൃദയ ദേവാലയം മുതൽ രാജേന്ദ്ര മൈതാനം വരെ നടത്തുന്ന ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഫ്ലാഷ് മോബ്, തെരുവുനാടകം എന്നിവയും ഉണ്ടാകും. 23ന് രാവിലെ 9.30ന് ജില്ലാ കലക്ടർ ജോൺ വി. സാമുവൽ പതാക ഉയർത്തി എക്സിബിഷൻ ഉദ്ഘാടനം നിർവഹിക്കും.
10ന് ഏകദിന ദേശീയ ഭിന്നശേഷി സെമിനാർ, വൈകുന്നേരം ആറിന് നക്ഷത്രസന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നിർമാതാവ് ലിസി ഫെർണാണ്ടസ് മുഖ്യാതിഥിയായിരിക്കും. രാത്രി ഏഴിന് സുനിൽ പ്രയാഗ് നയിക്കുന്ന മ്യൂസിക് ഈവ്, ശ്രവണ പരിമിതരുടെ നൃത്തം, ഹ്രസ്വകായരായവരുടെ കലാപരിപാടികൾ.
24ന് രാവിലെ 9.30 മുതൽ രാത്രി ഏഴുവരെ എക്സ്പോ പ്രദർശനം, ഏഴുമുതൽ നക്ഷത്രസന്ധ്യ, പ്രസീദ് ചാലക്കുടി നയിക്കുന്ന നാടൻ കലാസന്ധ്യ.
25ന് രാവിലെ 9.30 മുതൽ പ്രദർശനം, ഉച്ചകഴിഞ്ഞ് മൂന്നിന് പരിവർത്തന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിക്കും. പുസ്തക പ്രകാശനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജും സദ്ഗമയ ഡയറക്ടറിയുടെ പ്രകാശനം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ.പി.ടി.ബാബുരാജും നിർവഹിക്കും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണവും ഫാ. റോയി കണ്ണംചിറ അനുഗ്രഹപ്രഭാഷണവും നടത്തും. തൊഴിൽ സംരംഭം വിശദീകരണം ഡോ. ജോഷി വി. ചെറിയാൻ നിർവഹിക്കും. രാത്രി ഏഴിന് നക്ഷത്ര സന്ധ്യ, മറിയപ്പള്ളി ഗോപകുമാറിന്റെ സംഗീതക്കച്ചേരി, ഇൻഫാം കർഷക സമിതിയുടെ തെരുവുനാടകം, മരിയൻ അസംപ്ഷൻ കോളജ് വിദ്യാർഥികളുടെ കലാപരിപാടികൾ. 26ന് രാവിലെ ഒന്പതിന് റിപബ്ലിക് ദിനാഘോഷം, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പതാക ഉയർത്തും, തുടർന്ന് റിപബ്ലിക് ദിന പരേഡ്. 9.30 മുതൽ പ്രദർശനം, ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനവും സദ്ഗമയ സേവാശ്രേഷ്ഠ പുരസ്കാര വിതരണവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ, എഐഡി വൈസ് ചെയർമാൻ ബ്രഹ്മനായക മഹാദേവൻ, രാജൻ വർഗീസ്, ജോൺ തെങ്ങുംപള്ളി, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.