മൻമോഹൻ സിംഗിനു ചരമോപചാരമർപ്പിച്ച് നിയമസഭ
Tuesday, January 21, 2025 2:29 AM IST
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനു ചരമോപചാരമർപ്പിച്ച് കേരള നിയമസഭ.
ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത മികച്ച സാന്പത്തിക ശാസ്ത്രജ്ഞൻ കൂടിയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്നു സ്പീക്കർ എ.എൻ.ഷംസീർ അനുസ്മരിച്ചു. രാജ്യത്തു സാന്പത്തിക ഉദാരവത്ക്കരണ നയങ്ങൾക്കു തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും മൻമോഹൻസിംഗിനെ കാലം അടയാളപ്പെടുത്തുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശനിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികൾ മൻമോഹൻ സിംഗ് മന്ത്രിസഭ ആവിഷ്കരിച്ചു നടപ്പാക്കിയെന്നും സ്പീക്കർ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്നതിനു ഡോ.മൻമോഹൻ സിംഗ് കൈക്കൊണ്ട നിലപാടുകൾ പ്രശംസനീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതനിരപേക്ഷ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്രതിഭാശാലിയായ സാന്പത്തിക ശാസ്ത്രജ്ഞൻ, സൗമ്യനും നിശ്ചയദാർഢ്യമുള്ളവനുമായ ദേശസ്നേഹി, എന്നിങ്ങനെ പൊതുമണ്ഡലത്തിൽ ശോഭിച്ച അനിതരസാധാരണനായ ഒരു വ്യക്തിയെയാണ് ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യ സ്നേഹവും രാജ്യത്തോടുള്ള കൂറും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിച്ചു കൊണ്ടു രാജ്യത്തെ ജനങ്ങളുടെ കണ്ണീരൊപ്പാനും ജീവിത നിലവാരം ഉയർത്താനും മൻമോഹൻ സിങ് നടത്തിയ ശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കക്ഷി നേതാക്കളായ ഇ.ചന്ദ്രശേഖൻ, പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി റോഷി അഗറ്റിൻ, മോൻസ് ജോസഫ്, മാത്യു ടി.തോമസ്, അനൂപ് ജേക്കബ്, തോമസ് കെ.തോമസ്, മന്ത്രി കെ.ബി.ഗണേശ്കുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി.മോഹനൻ, ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ, മാണി സി.കാപ്പൻ എന്നിവർ ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ചു. ചരമോപചാരമർപ്പിച്ച ശേഷം ഇന്നലെ നിയമസഭ പിരിഞ്ഞു.