എം.ബി. രാജേഷ് മദ്യനിര്‍മാണ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയെന്ന് സതീശന്
Monday, January 20, 2025 5:01 AM IST
തിരുവനന്തപുരം: കഞ്ചിക്കോട് ബ്രൂവറി ഇടപാടില്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നതു മദ്യനിര്‍മാണ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കോളജ് തുടങ്ങാനെന്ന പേരില്‍ പഞ്ചായത്തിനെ പറ്റിച്ച് രണ്ടു വര്‍ഷം മുന്‍പ് ഭൂമി വാങ്ങിയപ്പോള്‍ മുതല്‍ കമ്പനിയുമായി ഡീല്‍ തുടങ്ങിയെന്നും മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും കമ്പനികള്‍ക്കോ മറ്റാര്‍ക്കുമോ ഇതേക്കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.
കമ്പനിക്കു വാട്ടര്‍ അഥോറിറ്റി വെള്ളം നല്‍കുമെന്നാണു പറയുന്നത്. സാധാരണക്കാര്‍ക്ക് വെള്ളം നല്കാന് പോലും വാട്ടര്‍ അഥോറിറ്റിക്കു സാധിക്കുന്നില്ല. മലമ്പുഴ ഡാമില്‍ പാലക്കാടിനാവശ്യമുള്ള വെള്ളമില്ല. ഇല്ലാത്ത വെള്ളം വാട്ടര്‍ അഥോറിറ്റി എവിടെ നിന്നാണു കമ്പനിക്ക് നല്‍കുന്നത്? ഈ കമ്പനിക്ക് വെള്ളം നല്കലാണോ വാട്ടര്‍ അഥോറിറ്റിയുടെ പണി? ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്.
ഒരു തരി വെള്ളമില്ലാത്ത പാലക്കാടാണു കമ്പനിക്ക് ഒരു ഡസണ്‍ യൂണിറ്റുകള്‍ നല്കാന് അനുമതി നല്‍കിയിരിക്കുന്നത്. ഷേഡി ഇടപാടുകള്‍ മാത്രം നടത്തിയിട്ടുള്ള കമ്പനിക്കു മാത്രം മദ്യനിര്‍മാണ പ്ലാന്റ് നല്‍കാനുള്ള തീരുമാനത്തിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. അല്ലെങ്കില്‍ രഹസ്യമാക്കി വയ്ക്കേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് അപമാനകരമാണ്. സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോകുന്ന നാണംകെട്ട പാര്‍ട്ടിയായി സിപിഎം മാറി. ഹൈക്കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ടാണ് ഒരു സ്ത്രീയുടെ സാരി വലിച്ചഴിച്ച്, മുടിക്കു കുത്തിപ്പിടിച്ച് അവരെയെടുത്ത് കാറിലേക്കു വലിച്ചെറിഞ്ഞു തട്ടിക്കൊണ്ടുപോയി അവിശ്വാസപ്രമേയ ചര്‍ച്ച തകര്‍ത്തത്. ഇത് നമ്മുടെ കേരളമാണോ? എന്നിട്ടും അവരുടെ മൊഴി പോലും ഇതുവരെ ഒപ്പിട്ടു വാങ്ങിയിട്ടില്ല.
അവരുടെ മകനെ വിളിച്ച് പോലീസ് സ്റ്റേഷനിലേക്കു വരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം നിയന്ത്രിക്കുന്ന ഈ നാണംകെട്ട പോലീസ്. തട്ടിക്കൊണ്ടു പോകാന്‍ വഴിയൊരുക്കിക്കൊടുത്ത ഡിവൈഎസ്പിക്കെതിരേ നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.