സാങ്കേതിക സർവകലാശാലയിൽ വിസി -സിൻഡിക്കറ്റ് പോര് വീണ്ടും
Tuesday, January 21, 2025 2:27 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഇടവേളയ്ക്കു ശേഷം വൈസ് ചാൻസലർ -സിൻഡിക്കറ്റ് പോര് മുറുകുന്നു.
ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഗവർണർ നിയമിച്ചപ്പോൾ ഇടതു സിൻഡിക്കറ്റംഗങ്ങളും ഡോ. സിസയും തമ്മിൽ രൂക്ഷമായ വാക്കേറ്റവും അഭിപ്രായ ഭിന്നതയും ഉടലെടുത്തിരുന്നു.
സിസയുടെ കാലാവധിക്ക് ശേഷം ഡോ. സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല കൊടുത്തതോടെയാണ് സിൻഡിക്കറ്റും വൈസ് ചാൻസലറും തമ്മിലുള്ള ഭിന്നതയ്ക്ക് വിരാമമായത്.
എന്നാൽ സജി ഗോപിനാഥിനു ശേഷം കുസാറ്റ് പ്രഫ. ഡോ. കെ.ശിവപ്രസാദ് വൈസ് ചാൻസലറായി സർവകലാശാലയിൽ എത്തിയതോടെ വീണ്ടും സിൻഡിക്കറ്റും വൈസ് ചാൻസലറും തമ്മിൽ പുതിയ പോർമുഖം തുറന്നിരിക്കയാണ്.
കഴിഞ്ഞ 16 ന് നടന്ന സിൻഡിക്കറ്റ് യോഗത്തിൽ തുടക്കത്തിൽ തന്നെ ചാൻസലറും സിൻഡിക്കറ്റ് അംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് സിൻഡിക്കറ്റ് യോഗം വൈസ് ചാൻസലർ പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈസ് ചാൻസലർ കഴിഞ്ഞ ദിവസത്തെ യോഗം അസാധുവാക്കിക്കൊണ്ട് സർക്കുലർ ഇറക്കിയത്.
അന്ന് സിൻഡിക്കറ്റ് യോഗത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾ സംബന്ധിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് വിശദമായ റിപ്പോർട്ട് നല്കിയതായും വൈസ് ചാൻസലർ സർക്കുലറിൽ വ്യക്തമാക്കുന്നു.
ജനുവരി 16 ന് വൈസ് ചാൻസലർ യോഗം പിചിച്ചുവിട്ടതിനു ശേഷം എന്തെങ്കിലും തീരുമാനങ്ങൾ സിൻഡിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ അതിൽ ഉദ്യോഗസ്ഥ തലത്തിൽ തുടർനടപടികൾ ഉണ്ടാവരുതെന്നും വൈസ് ചാൻസലറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.
കോണ്ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയുടെ ഭാരവാഹിയായ ആർ. പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചുള്ള തർക്കമായിരുന്നു വിസിയും സിൻഡിക്കറ്റ് അംഗങ്ങളും തമ്മിൽ കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ രൂക്ഷമായ ഭിന്നതയിലേക്ക് കലാശിച്ചത്. തുടർന്ന് അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം വിസി പിരിച്ചുവിടുകയായിരുന്നു.