കെടിഡിസി ചെയർമാൻ പി.കെ. ശശിക്ക് വിദേശസന്ദർശനത്തിന് വീണ്ടും അനുമതി
സ്വന്തം ലേഖകൻ
Monday, January 20, 2025 4:46 AM IST
തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയർമാൻ പി.കെ. ശശിക്ക് വീണ്ടും വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി. ഈമാസം 22 മുതൽ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. കെടിഡിസിയുടെ അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിലും റോഡ് ഷോയിലും മറ്റു പരിപാടികളിലും പങ്കെടുക്കാനാണ് യാത്രാനുമതി.
22 മുതൽ 26 വരെ മാഡ്രിഡിൽ നടക്കുന്ന അന്തരാഷ്ട്ര ടൂറിസം മേളയിൽ ശശി പങ്കെടുക്കും. 28ന് ബാഴ്സലോണയിലെ റോഡ് ഷോയിലും പിന്നീട് 30ന് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ടൂറിസം റോഡ് ഷോയിലും കെടിഡിസിയെ പ്രതിനിധീകരിച്ച് ശശി പങ്കെടുക്കും. ഫെബ്രുവരി രണ്ടിനുശേഷമായിരിക്കും കേരളത്തിലേക്ക് തിരിച്ചെത്തുക.
യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് വിനോദസഞ്ചാര ബജറ്റ് വിഹിതത്തിൽനിന്നു വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിലുള്ള വിനോദ സഞ്ചാര പദ്ധതികൾ അന്താരാഷ്ട്ര വിപണിയിൽ ഫലപ്രദമായി എത്തിക്കാനാണു ചെയർമാന്റെ വിദേശയാത്രയെന്നാണ് സർക്കാർ വാദം.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും പി.കെ. ശശി വിദേശയാത്രയിലായിരുന്നു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ടു ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു.
പാർട്ടി നടപടി നേരിട്ടതിനെത്തുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ പലതരത്തിൽ സമ്മർദമുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഉറച്ച നിലപാട് സ്വീകരിച്ചതോടെ പി.കെ. ശശി സ്ഥാനത്ത് തുടരുകയായിരുന്നു.