വാഹനാപകടം; യുവാവ് മരിച്ചു, അമ്മയ്ക്കു പരിക്ക്
Monday, January 20, 2025 5:00 AM IST
വടക്കഞ്ചേരി: അമ്മയും മകനും സഞ്ചരിച്ച ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മകൻ മരിച്ചു. അമ്മയ്ക്ക് പരിക്കേറ്റു. വടക്കഞ്ചേരി പാളയം ആര്യംകടവ് ദുർഗ കോളനിയിൽ കൃഷ്ണന്റെ മകൻ രതീഷാണു (22) മരിച്ചത്. ബൈക്കിനു പിന്നിൽ യാത്രചെയ്ത അമ്മ രാസാത്തിയെ (58) പരിക്കുകളോടെ വടക്കഞ്ചേരി ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വടക്കഞ്ചേരി പാളയം സെന്ററിനടുത്തായിരുന്നു അപകടം. മൂലങ്കോട്ടിൽനിന്ന് വിവാഹനിശ്ചയച്ചടങ്ങിനുശേഷം വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ടൂറിസ്റ്റ് ബസ്. വടക്കഞ്ചേരിയിൽനിന്നു പാളയത്തേക്ക് പോകുകയായിരുന്നു ബൈക്ക്.
അപകടത്തെത്തുടർന്ന് ബൈക്കിൽനിന്ന് രതീഷ് റോഡിന്റെ വലതുവശത്തേക്കും അമ്മ മറുവശത്തേക്കും വീണു. രതീഷിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. മൃതദേഹം അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. നിർമാണ ത്തൊഴിലാളിയാണ് രതീഷ്. സഹോദരങ്ങൾ: രാമൻ, ലക്ഷ്മണൻ, രേഖ, രേവതി.