മദ്യക്കന്പനിക്ക് അനുമതി നൽകിയത് ഉപതെരഞ്ഞെടുപ്പിനിടെ
കെ. ഇന്ദ്രജിത്ത്
Monday, January 20, 2025 5:13 AM IST
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി, ഡിസ്റ്റിലറി, മൾട്ടി ഫീഡ് മദ്യ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഫയൽ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി. രാജേഷും അംഗീകരിച്ചത് പാലക്കാട് ഉപതെരഞ്ഞെടുപ്പു കാലത്ത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊട്ടിക്കയറുന്നതിനിടെയാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും എലപ്പുള്ളിയിൽ മദ്യകന്പനി സ്ഥാപിക്കാനുള്ള ഫയൽ അംഗീകരിച്ചതെന്ന് സെക്രട്ടേറിയറ്റിലെ ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു.
നികുതി എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി, എക്സൈസ് മന്ത്രിയുടെ ഓഫിസിൽ നൽകിയ മദ്യ കന്പനിയുടെ ഫയൽ 100 ദിവസം തടഞ്ഞിട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം വന്നശേഷമാണ് ഇതുസംബന്ധിച്ച ഫയലിന് എക്സൈസ് മന്ത്രി അനുമതി നൽകി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടതെന്ന രേഖകൾകൂടി പുറത്തുവരുന്നതോടെ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഇത് ഇടയാക്കും.
എക്സൈസ് കമ്മീഷണർ ശിപാർശ ചെയ്ത ഫയൽ സെക്രട്ടേറിയറ്റിലെ നികുതി എക്സൈസ് വകുപ്പിൽ എത്തിയത് 2024 ഫെബ്രുവരി രണ്ടിനായിരുന്നു. ഒയാസിസ് മദ്യകന്പനിയുടെ ഫയൽ നികുതി-എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറി 2024 ഫെബ്രുവരി 14ന് എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിലേക്കു കൈമാറി. കൂടുതൽ വിവരങ്ങൾ തേടി മന്ത്രിയുടെ ഓഫീസ്, എക്സൈസ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു മടക്കി നൽകി.
അഡീഷണൽ ചീഫ് സെക്രട്ടറി താഴേക്ക് അയച്ചു. ഫയൽ ജൂണ് 20ന് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസിലെത്തി. ജൂലൈ മൂന്നിന് രാവിലെ 12.10ന് ഫയൽ എക്സൈസ് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന് കൈമാറി. ഇതേ ദിവസംതന്നെ ഫയൽ പഠിച്ച് ഒരു മണിക്കൂറിനകം ജയതിലക്, ഫയൽ മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിലേക്ക് അയച്ചതായും ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ, മന്ത്രിയുടെ ഓഫീസിൽ പിന്നീട് ഫയൽ കെട്ടിക്കിടന്നു. ഒക്ടോബർ 18ന് പാലക്കാട് ഉപതെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതിനു പിന്നാലെ 24ന് എക്സൈസ് മന്ത്രി അംഗീകരിച്ച ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. തുടർന്ന് നവംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിന് അംഗീകാരം കൊടുക്കുകയായിരുന്നു.
നവംബർ 13നു പ്രഖ്യാപിച്ചിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പു കൽപ്പാത്തി രഥോത്സവത്തെ തുടർന്നു 20ലേക്കു മാറ്റിയിരുന്നു. കേരളത്തെ കൂടുതൽ മദ്യത്തിൽ മുക്കാനുള്ള ഫയലാണ് ജനുവരി 15നു ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.