റഷ്യയിലേക്കു മനുഷ്യക്കടത്ത്: സന്ദീപിന്റെ മരണശേഷം പ്രതികൾ കരാർ തിരുത്തി
സ്വന്തം ലേഖകൻ
Monday, January 20, 2025 4:46 AM IST
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നു കൊല്ലപ്പെട്ട മുകുന്ദപുരം നായരങ്ങാടി കാഞ്ഞിൽവീട്ടിൽ സന്ദീപ് ചന്ദ്രനുമായുള്ള കരാർ രേഖകൾ മരണശേഷം പ്രതികൾ തിരുത്തിയെന്നു രേഖകൾ.
സന്ദീപ് റഷ്യൻ സൈന്യത്തിൽ ചേർന്നതു സ്വന്തം ഇഷ്ടപ്രകാരമെന്ന നിലയിലാണു മുദ്രപ്പത്രത്തിലും സന്ദീപിന്റെ ഒപ്പുള്ള വെള്ളക്കടലാസിലും എഴുതിച്ചേർത്തത്. സന്ദീപിൽനിന്ന് മുദ്രപ്പത്രം മുൻകൂറായി ഒപ്പിട്ടുവാങ്ങിയ പ്രതികൾ കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
റഷ്യയിലേക്കു പോകുന്നതിനുമുന്പ് സന്ദീപ് ചന്ദ്രനിൽനിന്നു പ്രതികൾ മുദ്രപ്പത്രം ഒപ്പിട്ടുവാങ്ങി. ബിസിനസ് ആവശ്യത്തിനും ചെറുകിട ജോലികൾക്കുമായി റഷ്യയിലേക്കു പോകാൻ തയാറാണെന്നു വെള്ളക്കടലാസിൽ രേഖയുണ്ടാക്കി സന്ദീപിനെ കാണിച്ചു. ഇതു വിശ്വസിച്ചു റഷ്യയിലെത്തിയ സന്ദീപ് രണ്ടുമാസത്തിനകം കൊല്ലപ്പെട്ടു.
ഒപ്പിട്ടുവാങ്ങിയ മുദ്രപ്പത്രത്തിൽ സന്ദീപിന്റെ മരണശേഷം പ്രതികൾ വ്യാജ കരാർ എഴുതിച്ചേർക്കുകയായിരുന്നു. റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായിരുന്ന മറ്റുള്ളവരിൽനിന്നും മുദ്രപ്പത്രം ഒപ്പിട്ടുവാങ്ങിയെന്നാണു വിവരം.
സന്ദീപ് മരിച്ചെന്നു സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരാതി നൽകാൻ ബന്ധുക്കൾ തീരുമാനിച്ചതോടെയാണു സ്വന്തം ഇഷ്ടപ്രകാരം റഷ്യൻ സൈന്യത്തിൽ ചേർന്നതാണെന്നു ചൂണ്ടിക്കാട്ടിയ സമ്മതപത്രത്തിന്റെ പകർപ്പ് പ്രതികൾ നൽകിയത്. യുവാക്കൾ അപകടത്തിൽപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
എറണാകുളം സ്വദേശി സന്ദീപ് തോമസ്, തൃശൂർ സ്വദേശികളായ സുമേഷ് ആന്റണി, സിബി ഔസേഫ് എന്നിവരാണു കഴിഞ്ഞ ദിവസം പിടിയിലായത്. സിബിയാണു യുദ്ധത്തിൽ മരിച്ച ബിനിലിനെയും റഷ്യയിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ജെയ്നിനെയും റഷ്യയിൽ എത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ അറിയിച്ചു.
പ്രതികളെ റിമാൻഡ് ചെയ്തു
വടക്കാഞ്ചേരി: റഷ്യയിലേക്കു മനുഷ്യക്കടത്തു നടത്തിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികൾ റിമാൻഡിൽ.
തൃശൂർ വെങ്ങിണിശേരി സ്വദേശി പാടത്ത് വീട്ടിൽ സിബി (26), എറണാംകുളം മേക്കാട്ട് സ്വദേശി മഞ്ഞളി വീട്ടിൽ സന്ദീപ് (40), തൃശൂർ പാലയ്ക്കൽ സ്വദേശി ചക്കാലയ്ക്കൽ വീട്ടിൽ സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി -41 ) എന്നിവരെയാണു കഴിഞ്ഞ ദിവസം കമ്മീഷണറുടെ നിർദേശപ്രകാരം വടക്കാഞ്ചേരി സിഐ റിജിൻ എം. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷം കുന്നംകുളം മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
പോളണ്ടിൽ ജോലി വാഗ്ദാനംചെയ്ത് തെക്കുംകര കുത്തുപാറ സ്വദേശി ജെയിൻ (27) , ബന്ധു കുട്ടനെല്ലൂർ സ്വദേശി ബിനിൽ (27) എന്നിവരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്തശേഷം റഷ്യയിലെ കൂലിപ്പട്ടാളത്തിലെത്തിച്ച് ദുരിതത്തിലാക്കിയവർക്കെതിരേ നടപടി ആവശ്യപ്പെട്ട് ജെയിനിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു.