ഷാരോണ്‍, നീയറിയുന്നുണ്ടോ ...
Tuesday, January 21, 2025 2:27 AM IST
ഗിരീഷ് പരുത്തിമഠം
ഷാരോണ്‍, നീയറിയുന്നുണ്ടോ, നീ ജീവനു തുല്യം സ്നേഹിക്കുകയും നിന്റെ ജീവനെടുക്കുകയും ചെയ്ത പ്രണയിനിക്ക് നീതിന്യായപീഠം വധശിക്ഷ വിധിച്ചിരിക്കുന്നു..! ഒരുമിച്ചുള്ള ജീവിതം സദാ സ്വപ്നം കണ്ട് നിന്റെ കരള്ക്കിനാവായി നീ കണക്കുകൂട്ടിയവള് കരളടക്കമുള്ള ആന്തരികാവയവങ്ങളെല്ലാം ദ്രവിച്ചില്ലാതാക്കുന്ന മട്ടില്‍ നിനക്ക് വിഷക്കഷായമേകി ഭൂമിയില്‍ നിന്നുതന്നെ അന്യമാക്കുമെന്ന് നീ ഒരുവേളയെങ്കിലും വിചാരിച്ചിരുന്നുവോ...?
ഒത്തുകൂടി സന്തോഷം പങ്കിടുന്ന സ്വകാര്യനിമിഷങ്ങളിലൊരിക്കല് ജ്യൂസ് ചലഞ്ചിലൂടെ നിന് ഹൃദയമിടിപ്പ് നിശ്ചലമാക്കാന്‍ ശ്രമിച്ച പ്രിയപ്പെട്ടവളുടെ കഷായ ചലഞ്ചിനു വിധേയനായി ഒരിറ്റുവെള്ളം പോലും ഇറക്കാനാകാതെ, ഒടുവില്‍ ശ്വാസം കിട്ടാതെ നിന്റെ ശരീരം ചേതനയാറുന്ന അന്ത്യനിമിഷത്തിലും നീ പ്രാര്‍ഥിച്ചിരുന്നത് നിന്റെ ഗ്രീഷ്മയുടെ നന്മയ്ക്കായിരുന്നില്ലേ...? മൂര്‍ച്ചയേറിയ വാദ പ്രതിവാദങ്ങള്‍ക്കു ശേഷം ഇന്നലെ നിന്റെ പുന്നാര വാവയ്ക്ക് ബഹുമാനപ്പെട്ട നീതിപീഠം മരണംവരെ തൂക്കുകയര്‍ ശിക്ഷ വിധിച്ചപ്പോള്‍ കോടതി മുറിയിലും പിന്നീട് പുറത്തും ഉള്ളു പൊട്ടിക്കരഞ്ഞ സ്നേഹനിധിയായ നിന്റെ അമ്മയുടെ ലാവച്ചൂടുള്ള കണ്ണീരൊഴുക്ക് നീ അകലങ്ങളിലിരുന്ന് കാണുന്നുണ്ടോ... ? ചികിത്സയുടെ ഭാഗമായി കട്ടത്തണുപ്പിന്റെ അതിരുകള്‍ക്കുള്ളിലെ മള്‍ട്ടി സ്പെഷല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ നിന്റെ കിടക്കയ്ക്കരികിലിരുന്ന് ശ്വാസം അണുവിട മുറിഞ്ഞു പോകാനനുവദിക്കാതെ നീ പറഞ്ഞ മരണമൊഴിയുടെ മുന കൊണ്ട് മനം തകര്‍ന്ന പിതാവിന്റെ നെഞ്ചകം ഇന്ന് ആ കോടതി വളപ്പില്‍ നീറിപ്പിടഞ്ഞത് നിനക്ക് അറിയാനാകുന്നുണ്ടോ...? കൂടപ്പിറപ്പിന്റെ കരുതലും കൂട്ടുകാരന്റെ ചേര്‍ത്തുപിടിക്കലും ഒരുപോലെ ഇഴയാര്ന്ന നിന്റെ സഹോദരന്റെ ചങ്കു കലങ്ങിയാര്ത്ത ഉള്ളിലെ തീരാനിലവിളി നീ കേള്‍ക്കുന്നുണ്ടോ ...?
പരിശുദ്ധ പ്രണയത്തിന്റെ വിശിഷ്ട പരന്പരകളാല് സമൃദ്ധമായ സമൂഹത്തില്‍ പ്രണയപ്പകകള്‍ വല്ലാതെ പലയിടത്തും തീനാവുകള്‍ നീട്ടി അർമാദിക്കുന്പോഴാണ് ദൈവത്തിന്റെ നാടെന്ന സവിശേഷ വിശേഷണ പെരുന്പറ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് കളനാശിനി കലര്‍ത്തിയ കഷായം കുടിച്ച് ഒരു യുവകാമുകന്‍ എന്നെന്നേക്കുമായി ഇല്ലാതായത്. വ്യാജപ്രണയത്തിന്റെ തട്ടുകേട് തിരിച്ചറിയാനാകാതെ ആ 22 കാരന് വിഷക്കഷായം കാലുഷ്യമേതുമില്ലാതെ നുകര്ന്നതിന് കാരണക്കാരി, അയാളുടെ കാമുകിയും.
പാറശാല സ്വദേശിയായ ജെ.പി ഷാരോണ്‍ രാജും രാമവര്‍മന്‍ചിറ സ്വദേശിനി ഗ്രീഷ്മയും ഇരുവരുടെയും വീട്ടുകാരറിയുന്ന കമിതാക്കളായിരുന്നു. ഇരുവീട്ടുകാരുടെയും കുടുംബങ്ങള്‍ ആ പ്രണയബന്ധത്തിനെ പരസ്യമായി എതിര്‍ത്തിരുന്നില്ല. അതുകൊണ്ടുതന്നെ ഷാരോണും ഗ്രീഷ്മയും ഇണപ്പറവകളെ പോലെ പലയിടത്തും യാത്ര ചെയ്തു. അവരുടേതായ സ്വകാര്യ മുഹൂര്‍ത്തങ്ങള്‍ ആവര്‍ത്തിച്ചു.
മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് പാനീയ ചലഞ്ച്. ആദ്യം ജ്യൂസില്‍ 60 പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തി നല്കി. ഒന്നോ രണ്ടോ കവിള് അകത്താക്കിയപ്പോഴേ കയ്പ് തോന്നിയതിനാല്‍ ഷാരോണ്‍ തുപ്പിക്കളഞ്ഞു.
ആദ്യത്തെ ഉദ്യമത്തിലെ പരാജയം ഇനിയരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ലോ പോയിസണിംഗ് രീതി ഗ്രീഷ്മ തെരഞ്ഞെടുത്തു. കഷായത്തില്‍ മാരക കളനാശിനിയൊഴിച്ച് പ്രണയാതുരതയോടെ ഗ്രീഷ്മ നീട്ടിയ കഷായ ചലഞ്ച് പതിനൊന്നാം ദിവസം ഷാരോണിന്റെ ജീവനെടുത്തു.
കൊടുംയാതന അനുഭവിച്ചായിരുന്നു ആ യുവാവിന്റെ അന്ത്യമെന്നത് സങ്കടകരമായ യാഥാര്‍ഥ്യം. ഷാരോണ്‍ കൊലപാതകക്കേസ് കൈകാര്യം ചെയ്ത നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ആ യുവാവിന്റെ അന്ത്യനാളുകളിലെ ഈ ദുരനുഭവവും മുഖവിലയ്ക്കെടുത്തു.
മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലായെന്നും പ്രണയത്തിന്റെ ആഴമാണ് ഇതു വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വാദങ്ങളെല്ലാം അംഗീകരിച്ചായിരുന്നു കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.